142 അടിയും പിന്നിട്ട് മുല്ലപ്പെരിയാര്‍ ; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്
142 അടിയും പിന്നിട്ട് മുല്ലപ്പെരിയാര്‍ ; ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി :  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയും പിന്നിട്ട് ഉയരുകയാണ്. നിലവില്‍ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 26,000 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് വിടുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം പുറത്തേക്കു വിടുന്നതിനാല്‍ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. 

2401.24 അടിയാണ് ഇപ്പോഴത്തെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 15,00,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കുവിടുന്നത്. 2403 അടിയാണ് പരമാവധി ശേഷി. ഇടുക്കിയില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരിക്കുകയാണ്.  മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു, ഡാമിലേക്ക് ഒഴുകി എത്തുന്ന ജലത്തിന് സമാനമായി വെള്ളം ഒഴുക്കി കളയുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. 

സംസ്ഥാനത്തെ ഒട്ടുമിക്ക അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ നദികളും പുഴകളുമെല്ലാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. പെരിയാര്‍ ഗതിമാറി ഒഴുകുകയാണ്. മൂവാറ്റുപുഴയാറും കരകവിഞ്ഞു. ഇതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. 

എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡാമുകള്‍ നിറഞ്ഞു കവിഞ്ഞതോടെ, പത്തനംതിട്ട വെള്ളത്തില്‍ മുങ്ങി.

റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ ആയിരത്തോളം പേര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെ വീടുകളുടെ ഒന്നാം നിലയും മുങ്ങി രണ്ടാം നിലയിലേക്കു വെള്ളം കയറുകയാണ്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. കറന്റില്ല, മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വ്യാപകമാണ്. ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഊര്‍ജ്ജിതമായ ശ്രമം നടത്തിവരികയാണ്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com