അപ്രതീക്ഷിത വെള്ളപ്പൊക്കം; അങ്കലാപ്പ് ഒഴിയാതെ തലസ്ഥാനം; സാഹസിക രക്ഷാപ്രവര്‍ത്തനം

ശക്തമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി
അപ്രതീക്ഷിത വെള്ളപ്പൊക്കം; അങ്കലാപ്പ് ഒഴിയാതെ തലസ്ഥാനം; സാഹസിക രക്ഷാപ്രവര്‍ത്തനം

തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഗൗരീശപട്ടം, ജഗതി, കരുമരം കോളനി എന്നിവിടങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാണ്. ഗൗരീശപട്ടത്ത് അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ പതിനെട്ട് കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയര്‍ഫോഴ്‌സെത്തി ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ജനപ്രതിനിധികളും രക്ഷാപ്രവര്‍ത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 

നെയ്യാറ്റിന്‍കര ചെമ്പരത്തി വിളയില്‍ 15 ഓളം കുടുബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ പുറത്തെത്തിക്കാനും ശ്രമങ്ങള്‍ തുടരുകയാണ്. കരമന, കിള്ളിയാറുകള്‍ കരകവിഞ്ഞൊഴുകിയതോടെ ജനവാസമേഖലകളില്‍ വെള്ളം കയറുകയായിരുന്നു.നീരൊഴുക്ക് വര്‍ധിച്ചതോടെ അരുവിക്കര ഡാം തുറന്നുവിട്ടു. നെയ്യാര്‍ ഡാമിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ച അവസ്ഥയാണ്. തിരുവനന്തപുരം താലൂക്കില്‍ മാത്രം ആറ് ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. കാലടി ഹൈസ്‌കൂള്‍, കുമാരപുരം, കുന്നുകുഴി, പോങ്ങുമൂട്, പുത്തന്‍പാലം എന്നിവടങ്ങളിലാണ് ക്യാംപുകള്‍. മുന്‍കാലത്ത് വെള്ളം കയറാത്ത പലയിടങ്ങളും ഇത്തവണ വെള്ളത്തിനടിയിലായി. 

ഇരണിയലിനും കുഴുത്തറക്കുമിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും  സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നു. നിര്‍ത്താതെ പെയ്യുന്ന പേമാരിക്കിടെ ഇന്ന് രാവിലെ മാത്രം ഏഴുപേര്‍ മരിച്ചു. 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 33 ഡാമുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. 

പെരിയാറും ചാലക്കുടിപ്പുഴയും പമ്പയും ഉള്‍പ്പെടെ ചെറുതും വലുതുമായ പുഴകളാണ് കവിഞ്ഞൊഴുകുന്നത്. മലപ്പുറത്ത് വീട് തകര്‍ന്ന് ദമ്പതികളും മകനും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും മരിച്ചു. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com