ഉരുള്‍പൊട്ടല്‍: കോഴിക്കോട് മരണം നാലായി; നഗരം വെള്ളത്തില്‍; ഗതാഗതം സ്തംഭിച്ചു

ഉരുള്‍പൊട്ടല്‍: കോഴിക്കോട് മരണം നാലായി - നഗരം വെള്ളത്തില്‍ - ഗതാഗതം സ്തംഭിച്ചു
ഉരുള്‍പൊട്ടല്‍: കോഴിക്കോട് മരണം നാലായി; നഗരം വെള്ളത്തില്‍; ഗതാഗതം സ്തംഭിച്ചു

കോഴിക്കോട്: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കോഴിക്കോട് നാല് പേര്‍ മരിച്ചു. മലയോര മേഖലയായ കൂടരഞ്ഞിയില്‍ മാത്രം 13 ഉരുള്‍പൊട്ടലുകളുണ്ടായി. നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായാണ്. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ വെള്ളം കയറിയതോടെ സ്വകാര്യ ബസ് സര്‍വ്വീസുകളെ ബാധിച്ചു. 

കൂടരഞ്ഞി കല്‍പിനിയിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ ദുരന്തത്തില്‍ തയ്യില്‍തൊടിയില്‍ പ്രകാശന്‍, മകന്‍ പ്രവീണ്‍ എന്നിവര്‍ മരിച്ചു. പ്രകാശന്റെ അച്ഛനും, ഭാര്യയും രണ്ട് പെണ്‍മക്കളും ചികിത്സയിലാണ്. കല്‍പിനിക്ക് പിന്നാലെ ആനോട്, കുരങ്ങത്താംപാറ, കൂമ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയെങ്കിലും ആളപായമില്ല. 50 ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. 

മുക്കം മൈസൂര്‍ പറ്റ തോട്ടക്കാടും,കുളക്കാടന്‍ മലയിലും ഉരുള്‍പൊട്ടലുണ്ടായി. പ്രദേശങ്ങളില്‍ അതിശക്തിമായ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാവൂര്‍ ഊര്‍ക്കടവില്‍ വീടിന് മേല്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ മരിച്ചു. അരീക്കുഴി വീട്ടിലെ ആറ് വയസുകാരി ഫാത്തിമ ഷിഹാന, രണ്ട് വയസുകാരി തന്‍ഹ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. 

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മലയോരമേഖലകളില്‍ ആവര്‍ത്തിക്കുമ്പള്‍  നഗരം വെള്ളക്കെട്ടിലാണ്. ചേവരമ്പലത്തെ 76 കുടുംബങ്ങളെ കൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.തണ്ണീര്‍പന്തലില്‍ വെള്ളക്കെട്ടില്‍ പെട്ട  നൂറോളം കുടംബങ്ങളെ തുറമുഖവകുപ്പിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. നാല് അടിയോളം ഉയര്‍ത്തിയതോടെ കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 8788 പേര്‍ വിവിധ ദുരിതാശ്വാസ,ക്യാമ്പുകളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com