ദുരിതപ്പെയ്ത്ത് തുടരുന്നു ; പെരിയാര്‍ കരകവിഞ്ഞു, തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടല്‍, ഇന്ന് നാലു മരണം

സംസ്ഥാനത്ത് ഇന്ന് നാലു പേരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 37 ആയി
ദുരിതപ്പെയ്ത്ത് തുടരുന്നു ; പെരിയാര്‍ കരകവിഞ്ഞു, തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടല്‍, ഇന്ന് നാലു മരണം

കൊച്ചി : സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് നാലു പേരാണ് മരിച്ചത്. ഇതോടെ കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 37 ആയി. പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡാമുകള്‍ നിറഞ്ഞു കവിഞ്ഞതോടെ, പത്തനംതിട്ട വെള്ളത്തില്‍ മുങ്ങി. റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ ആയിരത്തോളം പേര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഊര്‍ജ്ജിതമായ ശ്രമം നടത്തിവരികയാണ്. 

തൃശൂരും പാലക്കാടും കോഴിക്കോട്ടും ഉരുള്‍ പൊട്ടലുണ്ടായി. മഴക്കെടുതിയില്‍ കോഴിക്കോട് കല്‍പ്പേനിയില്‍ ഒരു കുട്ടി മരിച്ചു. കല്‍പ്പേനി പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്താനാകാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് എങ്ങും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

പത്തനംതിട്ടയിലെ റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. എന്നാല്‍ സൈന്യത്തിന് പോലും ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിക്കുന്നില്ല. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളിലൊന്നും ഫോണ്‍ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളില്‍ കയറി ഒരു ചെറിയ ടോര്‍ച്ച് അടിച്ച് നില്‍ക്കാന്‍ പറയാനാണ് ഇപ്പോള്‍ വന്ന നിര്‍ദ്ദേശം

പത്തനംതിട്ടയിലേക്ക് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വന്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. കൊച്ചുപമ്പയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ഒപ്പം ആനത്തോടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികള്‍ ഇത്ര സങ്കീര്‍ണമാക്കിയത്. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദേശം നല്‍കി. 

പെരിയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ആലുവയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം നിര്‍ത്തിവെച്ചു. കമ്പനിപ്പടി, തോട്ടക്കാട്ടുകര തുടങ്ങിയ ഭാഗങ്ങള്‍ വെള്ളത്തിലാണ്. ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. എറണാകുളം - ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com