പ്രളയത്തില്‍ മുങ്ങി കേരളം , മഴക്കെടുതിയില്‍ ഇന്ന് 19 മരണം, അതീവഗുരുതര സാഹചര്യമെന്ന് സര്‍ക്കാര്‍, കേന്ദ്രസഹായം തേടി 

എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്
പ്രളയത്തില്‍ മുങ്ങി കേരളം , മഴക്കെടുതിയില്‍ ഇന്ന് 19 മരണം, അതീവഗുരുതര സാഹചര്യമെന്ന് സര്‍ക്കാര്‍, കേന്ദ്രസഹായം തേടി 

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 19 പേരാണ് മരിച്ചത്. പാലക്കാട് നെന്മാറയില്‍ എട്ടുപേരാണ് മരിച്ചത്. രണ്ട് വീടുകളിലെ അംഗങ്ങളാണ് മരിച്ചത്. കോഴിക്കോട് നാലുപേര്‍ മരിച്ചു. മുക്കത്ത് ഉരുള്‍ പൊട്ടലില്‍ രണ്ടുപേരും കല്‍പ്പേനിയില്‍ രണ്ടുപേരുമാണ് മരിച്ചത്. കല്‍പ്പേനി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കണ്ണൂരില്‍ ഒരാളെ കാണാനില്ല. കനത്ത മഴയില്‍ ഇന്നലെയും ഇന്നുമായി മരിച്ചവരുടെ എണ്ണം 52 ആയി. 

എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഈ ജില്ലകളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡാമുകള്‍ നിറഞ്ഞു കവിഞ്ഞതോടെ, പത്തനംതിട്ട വെള്ളത്തില്‍ മുങ്ങി. റാന്നി അടക്കമുള്ള പ്രദേശങ്ങളില്‍ ആയിരത്തോളം പേര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെ വീടുകളുടെ ഒന്നാം നിലയും മുങ്ങി രണ്ടാം നിലയിലേക്കു വെള്ളം കയറുകയാണ്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. കറന്റില്ല, മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും വ്യാപകമാണ്. ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഊര്‍ജ്ജിതമായ ശ്രമം നടത്തിവരികയാണ്. കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

സംസ്ഥാനത്തെ മിക്ക പുഴകളും നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. പെരിയാറില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ വഴിയുള്ള ട്രെയിന്‍, റോഡ്, ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലുവയില്‍ ദേശീയപാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം നിര്‍ത്തിവെച്ചു. കമ്പനിപ്പടി, തോട്ടക്കാട്ടുകര തുടങ്ങിയ ഭാഗങ്ങള്‍ വെള്ളത്തിലാണ്. ആലുവ വഴിയുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. എറണാകുളം - ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി.

കൊച്ചി മെട്രോ സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കെഎംആര്‍എല്‍ അറിയിച്ചു. ആലുവ മുട്ടം യാര്‍ഡില്‍ വെള്ളം കയറിയതോടെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിയത്. തൃശൂരില്‍നിന്നു പാലക്കാട് പോകാനുള്ള കുതിരാന്‍ തുരങ്കം അടച്ചു. ഷൊര്‍ണൂര്‍ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കണ്ണൂര്‍ കണ്ണവം വനത്തില്‍ ഉരുള്‍ പൊട്ടല്‍, ഒരാളെ കാണാതായി. ചാലക്കുടി പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവരെ മാറ്റുകയാണ്. തൃശൂര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറുന്നതായി റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ കൊച്ചിയില്‍ കടല്‍ക്ഷോഭവും രൂക്ഷമായി. ചെല്ലാനം ഭാഗത്ത് കടല്‍ കയറുന്നു. അതിനിടെ കേന്ദ്രത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വീണ്ടും ഫോണില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ അടക്കം കൂടുതല്‍ സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതര സാഹചര്യമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com