മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിക്ക് മുകളില്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിക്ക് മുകളില്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിക്ക് മുകളില്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കോട്ടയം: മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ റോയ് സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്കു ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് അഭിഭാഷകന്‍ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിക്കുകയായിരുന്നു. 

ജലനിരപ്പ് 142 അടി കടത്തുന്നതിനായി തമിഴ്‌നാട് അണക്കെട്ടിനു താഴ്ഭാഗത്തുള്ളവരുടെ ജീവന്‍ ഭീഷണിയിലാക്കിയെന്നു ഹര്‍ജിയില്‍ പറയുന്നു. പ്രളയക്കെടുതിയില്‍ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേരളം പെടാപ്പാടു പെടുമ്പോഴാണ് തമിഴ്‌നാടിന്റെ പ്രതികൂല നടപടി. മുല്ലപ്പെരിയാര്‍ സംബന്ധിച്ച സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ കേന്ദ്ര, തമിഴ്‌നാട് സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജലനിരപ്പ് 142 അടിയിലെത്തിക്കാന്‍ തമിഴ്‌നാട് കാട്ടിയ കടുംപിടിത്തമാണ് സ്ഥിതി വഷളാക്കിയത്. ജലനിരപ്പ് ഉയരുന്നതിനു മുന്‍പ് ചെറിയ തോതില്‍ ജലം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തള്ളുകയായിരുന്നു. 

കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടു തുറന്ന് നീരൊഴുക്കു കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്കു മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്. 142 അടി വരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്കു വിടാന്‍ അവര്‍ തയാറായില്ല. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത് 20,508 ക്യുസെക്‌സ് വെള്ളമാണ്. 2300 ക്യുസെക്‌സ് വെള്ളം മാത്രമാണു തമിഴ്‌നാട് കൊണ്ടുപോകുന്നത്. ബാക്കി ജലം ഇടുക്കിയിലേക്ക് ഒഴുക്കി വിടുകയെന്നതാണ് ഏക മാര്‍ഗം.

പതിമൂന്നു ഷട്ടറുകളാണ് മുല്ലപ്പെരിയാറിലുള്ളത് പത്തു പുതിയ ഷട്ടറുകളും മൂന്നു പഴയ ഷട്ടറുകളും. ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഓരോ ഷട്ടറും 16 അടി വരെ ഉയര്‍ത്താന്‍ കഴിയും. അണക്കെട്ടിലേക്ക് ഇപ്പോള്‍ ഒഴുകിയെത്തുന്നത് 20,508 ക്യുസെക്‌സ് വെള്ളമാണ്. ഇന്നലെ രാത്രി നീരൊഴുക്കു കൂടിയതോടെ ഒരു സെക്കന്‍ഡില്‍ 10,000 ക്യുസെക്‌സ് വെള്ളമാണു പുറത്തേക്കു വിടുന്നത്. ഇത് 30,000 ക്യുസെക്‌സിലേക്ക് ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്. ശാസ്ത്രീയമായ കണക്കെടുപ്പില്ലാതെ, രാഷ്ട്രീയ തീരുമാനത്തിനനുസരിച്ചു തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കും. അണക്കെട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് തമിഴ്‌നാട്. അങ്ങനെ വന്നാല്‍ കൂടുതല്‍ വെള്ളം വണ്ടിപ്പെരിയാര്‍ വഴി 44 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 2398.90 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ രണ്ടു മീറ്ററും രണ്ടും മൂന്നും നാലും ഷട്ടറുകള്‍ 2.3 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറിയില്‍ നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com