രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വഴികളും തേടും; കൂടുതല്‍ സേനകള്‍ എത്തുമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ രക്ഷാ ഉപകരണങ്ങളുള്ള ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകളെ  നിയോഗിക്കും - വെള്ളം കയറി മേഖലകളില്‍ മറൈന്‍ കമാന്‍ഡോസ് എത്തിച്ചേരും
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ വഴികളും തേടും; കൂടുതല്‍ സേനകള്‍ എത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതല്‍ സേനകള്‍ സംസ്ഥാനത്ത് എത്തിച്ചേരുമെന്ന് പിണറായി അറിയിച്ചു.

ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, ഫയര്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ് ഉള്‍പ്പെടെ 52 ടീമുകള്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ട്. ആര്‍മി 12 കോളം, എയര്‍ഫോഴ്‌സിന്റെ എട്ട് ഹെലികോപ്റ്ററുകള്‍, നേവിയുടെ അഞ്ച് ഡൈവിംഗ് ടീം, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്.

വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവര്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനുതുടര്‍ച്ചയായി ആവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി നടപ്പാക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്‍.ഡി.ആര്‍.എഫിന്റെ 40 ടീമുകള്‍ കൂടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്കളും 250 ലൈഫ് ജാക്കറ്റുകളും നല്‍കും. കൂടുതല്‍ ജാക്കറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ കൂടുതല്‍ രക്ഷാ ഉപകരണങ്ങളുള്ള ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകളെ ഇവിടെ നിയോഗിക്കും. ഇതിനായി അവരുടെ കമാന്റന്റുമായി ബന്ധപ്പെട്ട് ഏകോപനം ചെയ്യുന്നുണ്ട്. എയര്‍ഫോഴ്‌സ് 10 ഹെലികോപ്റ്ററുകള്‍ നല്‍കിയിട്ടുണ്ട്. 10 എണ്ണം കൂടി വ്യാഴാഴ്ച ഉച്ചയോടെ എത്തും.

രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടിലുള്ള എല്ലാത്തരം ബോട്ടുകളും ഉപയോഗിക്കും. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ ഇതിനായി നല്‍കുന്ന നില വേണം. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ആവശ്യമാണ്. ക്യാമ്പുകളിലേക്കും മറ്റുമായി കമ്യൂണിറ്റി കിച്ചണും ആരംഭിക്കും.

എയര്‍ഫോഴ്‌സിന്റെ നാല് ഹെലികോപ്റ്റര്‍ അനുവദിക്കും. ഇതിനുപുറമേ, നേവിയുടെ നാലു ഹെലികോപ്റ്റര്‍ കൂടി വരും. വെള്ളം കയറി മേഖലകളില്‍ മറൈന്‍ കമാന്‍ഡോസ് എത്തിച്ചേരും. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകള്‍ കൂടി നല്‍കും. ഇനി അഞ്ചെണ്ണം കൂടി വരും. ഹെലികോപ്റ്റര്‍ ആവശ്യമായത് അനുവദിക്കാമെന്ന് സേനകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ സേനകളും െ്രെഡ ഫുഡ് പാക്കറ്റുകള്‍ ലഭ്യമാക്കും. റെയില്‍വേ പാക്ക്‌ചെയ്ത കുടിവെള്ളം നല്‍കും.

മുല്ലപ്പെരിയാര്‍ ഡാമുള്‍പ്പെടെ തുറക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനും കേരള, തമിഴ്‌നാട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച് ഇത്തരം വിഷയങ്ങളില്‍ ആവശ്യമായ തീര്‍പ്പുണ്ടാക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വരുന്ന അവധി ദിവസങ്ങളിലും തുടരണം. അവധിദിനപ്രവര്‍ത്തനങ്ങള്‍ ഡ്യൂട്ടി ആയി കണക്കാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com