ദേശീയപാത അടച്ചു; കൊച്ചി - വടക്കൻ കേരളം  ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു

കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ
ദേശീയപാത അടച്ചു; കൊച്ചി - വടക്കൻ കേരളം  ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു

കൊച്ചി: കളമശേരി അപ്പോളോ ടയേഴ്സിനു മുൻപിൽ കൊച്ചി – സേലം ദേശീയപാതയിൽ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു. മുൻപോട്ടുള്ള റോഡിൽ വെള്ളം കയറി അതിഗുരുതരാവസ്ഥ. കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ. പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തേക്കു തൃശൂരിൽനിന്നുമുള്ള ദേശീയ പാത പൂർണ്ണമായും അടച്ചു. കേരളം നടുക്കുവച്ച് രണ്ടായി മുറിഞ്ഞ അവസ്ഥയാണ്.

ഇടമലയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിനെക്കാള്‍ അല്‍പം താഴ്ന്നതോടെ അണക്കെട്ടില്‍നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു. ഇപ്പോള്‍ ജലനിരപ്പ് 168.96 മീറ്ററാണ്. 36 മീറ്റര്‍ വരെ ഉയര്‍ന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ജലവിതാനം 34.70 ആയി കുറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് അല്‍പം താഴ്ന്നു എന്നു സൂചനയുണ്ടെങ്കിലും പ്രളയദുരിതത്തിന് ഒട്ടും കുറവില്ല. വാഹനങ്ങള്‍ ഒന്നും ആലുവ വഴി ഓടുന്നില്ല. ജില്ലയിലെ ചിലയിടങ്ങളില്‍ രാവിലെ വെയില്‍ തെളിഞ്ഞിട്ടുണ്ട്.

ആലുവ നഗരത്തില്‍ പ്രളയസ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്. ആരും പുറത്തില്ല. ടൗണ്‍ ശൂന്യം. ആളുകള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്ര ആവശ്യപ്പെട്ടിട്ടും രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ എത്തുന്നില്ലെന്നു വ്യാപക പരാതിയുണ്ട്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ മേഖലകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. അരി, പലവ്യഞ്ജനം, പച്ചക്കറി തുടങ്ങി അവശ്യവസ്തുക്കള്‍ ലഭ്യമാകുന്നില്ല. കാലടി മേഖലകളിലെ റൈസ് മില്ലുകളില്‍ വെള്ളം കയറി പ്രവര്‍ത്തനം നിലച്ചു. കടകള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com