നാടു മുഴുവന്‍ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ വിദേശത്തേക്ക് പറന്ന് മന്ത്രി കെ.രാജു

മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുമ്പോള്‍ വിദേശയാത്ര പോയിരിക്കുയാണ് വനം വകുപ്പ് മന്ത്രി
നാടു മുഴുവന്‍ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ വിദേശത്തേക്ക് പറന്ന് മന്ത്രി കെ.രാജു

കൊച്ചി: സംസ്ഥാനം വെള്ളപ്പൊക്ക കെടുതിയില്‍ വലയുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുമ്പോള്‍ വിദേശയാത്ര പോയിരിക്കുയാണ് വനം വകുപ്പ് മന്ത്രി കെ.രാജു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി വ്യാഴാഴ്ച രാവിലെ ജര്‍മ്മനിയിലേക്കു പുറപ്പെട്ടത്.  മന്ത്രിക്കൊപ്പം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീറുമുണ്ട്.

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ ചുമതലപ്പെടുത്തിയത് മന്ത്രി കെ. രാജുവിനെയാണ്. കോട്ടയം ജില്ലയില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടില്ല. അപ്പോഴാണ് മാറ്റിവയ്ക്കാവുന്ന പരിപാടി ആയിരുന്നിട്ടും മന്ത്രി വിദേശയാത്ര നടത്തിയിരിക്കുന്നത്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ യാത്ര റദ്ദാക്കിയെന്ന് മന്ത്രി അറിയിച്ചെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തെപ്പോലും അമ്പരപ്പിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത നടപടിയാണ് മന്ത്രി കെ. രാജുവിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്. 

മന്ത്രിമാരയ വി.എസ്.സുനില്‍കുമാര്‍, കെ. രാജു, എം.പിമാരായ ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍ എംഎല്‍എ എന്നിവരെയാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചത്. എന്നാല്‍ ഇതില്‍ മന്ത്രി കെ. രാജുവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുമാണ് പ്രളയദുരന്തത്തെ മറന്ന് വിദേശത്തേക്ക് പറന്നത്. സ്വന്തം മണ്ഡലമായ പുനലൂരില്‍ തെന്‍മല ഡാം തുറന്നതും നിരവധിപേര്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടതൊന്നും രാജുവിന് പ്രശ്‌നമല്ല. മന്ത്രിയുടെ നടപടിക്കെതിരെ സിപിഐയ്ക്കകത്തു കനത്ത അമര്‍ഷം പുകയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com