സൈന്യത്തിന് മാത്രമായി കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവില്ല; കേരളം കണ്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെന്നും മുഖ്യമന്ത്രി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2018 09:06 PM  |  

Last Updated: 18th August 2018 10:52 PM  |   A+A-   |  

pinarayi-vijayan_730x419

തിരുവനന്തപുരം :   കേരളം പോലൊരു സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തണമെങ്കില്‍ നാടറിയുന്നവരുടെ സഹായം കൂടിയേ തീരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈന്യത്തിന് മാത്രമായി ഒറ്റയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യം ഇതിന് മുമ്പും ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊന്നും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ മാത്രമായി ഏല്‍പ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം കണ്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ്. ന്യൂനമര്‍ദ്ദവും മഴയും രക്ഷാപ്രവര്‍ത്തനം വഷളാക്കിയെന്നും ഇപ്പോള്‍ നിയന്ത്രണത്തിലാണ് കാര്യങ്ങളെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവില്‍ കുട്ടനാട്ടില്‍ മാത്രമാണ് വെള്ളം കയറുന്നത്. രക്ഷാപ്രവര്‍ത്തനം ലക്ഷ്യത്തോട് അടുക്കുകയാണ്. 

കേരളത്തില്‍ ഭക്ഷ്യക്ഷാമമുണ്ട് എന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ഭീതി വേണ്ട. ഓണത്തിന് ഒരുങ്ങിയ നാടാണിത്. നമ്മുടെ സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ മുപ്പതോ അന്‍പതോ ശതമാനം കൂടുതല്‍ സാധനങ്ങള്‍ ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളില്‍ സ്റ്റോക്കുണ്ട്. വെള്ളം ഇറങ്ങിയാലുടന്‍ വിപണികള്‍ പഴയതുപോലെയാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
 

ജനങ്ങളുടെ ഒത്തൊരുമ സര്‍ക്കാരിന് നല്‍കിയ ആത്മ വിശ്വാസം വലിയതാണ്. ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികള്‍ കേരളത്തിന് പിന്തുണ നല്‍കി. തമിഴ്‌നാട്ടിലെയും ഒഡിഷയിലെയും അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.

മത്സ്യത്തൊഴിലാളികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്രസേനയുടെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.