ചിലസത്യങ്ങള്‍ പറയാതെ വയ്യ; ദുരിതാശ്വാസക്യാംപുകളില്‍ ചിലര്‍ പൂഴ്ത്തിവെപ്പുകാര്‍;സൗജന്യമെട്രോ യാത്ര ആസ്വദിക്കുന്നവര്‍; 'ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നു'

ചിലസത്യങ്ങള്‍ പറയാതെ വയ്യ; ദുരിതാശ്വാസക്യാംപുകളില്‍ ചിലര്‍ പൂഴ്ത്തിവെപ്പുകാര്‍;സൗജന്യമെട്രോ യാത്ര ആസ്വദിക്കുന്നവര്‍; 'ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നു'
ചിലസത്യങ്ങള്‍ പറയാതെ വയ്യ; ദുരിതാശ്വാസക്യാംപുകളില്‍ ചിലര്‍ പൂഴ്ത്തിവെപ്പുകാര്‍;സൗജന്യമെട്രോ യാത്ര ആസ്വദിക്കുന്നവര്‍; 'ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നു'

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസക്യാംപുകളിലെ ദു:ഖസത്യങ്ങള്‍ പങ്കുവെച്ച് സീനാ ഭാസ്‌കര്‍. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും അഭിനന്ദനാര്‍ഹമായ സേവനങ്ങള്‍ നടത്തുമ്പോള്‍ ആരോഗ്യ ദൃഢഗാത്രരായ അന്തേ വാസികളില്‍ ഭൂരിപക്ഷവും ക്യാമ്പിലേയ്ക്ക് വേണ്ടുന്ന കാര്യങ്ങളില്‍ ഒരു കൈ സഹായം ചെയ്യാതെ ICU വില്‍ അഡ്മിറ്റാക്കിയതുപോലെ നീണ്ടു നിവര്‍ന്നു കിടക്കുകയാണെന്നാണ് സീനയുടെ ആക്ഷേപം. ഇവര്‍ കഴിച്ചപാത്രങ്ങള്‍ പോലും കഴുകാന്‍ തയ്യാറാവുന്നില്ലെന്നും സീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വ്യക്തി സംഭാവനകളുമായി ക്യാമ്പിലെത്തുന്നവരെ വളഞ്ഞ് അവര്‍ കൊണ്ടു വരുന്ന തുണിത്തരങ്ങളാണെങ്കില്‍ അതില്‍ മുന്തിയത് കൈക്കലാക്കിയിട്ട് ഇത് ഞങ്ങളുടെ ആളാണെന്ന് സ്ഥാപിക്കുക കൂടി ചെയ്യും. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കണ്ടു നില്‍ക്കുന്ന വോളണ്ടിയേഴ്‌സ്;' ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നുവെന്ന് ' സാക്ഷ്യപ്പെടുത്തുന്നു.സന്മനസുള്ള മലയാളികളുടെയിടയില്‍ കൂതറകളുടെ എണ്ണം പെരുകുന്നുണ്ടോ എന്ന് സംശയിക്കുന്നതായും സീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ഒരാഴ്ചയായി, കേരളം ഇന്നേവരെ കാണാത്ത പ്രകൃതി ദുരന്തമാണ് തൊട്ടറിഞ്ഞു കൊണ്ടിരിയ്ക്കുന്നത്. സര്‍ക്കാരിന്റേയും സന്നദ്ധ സംഘടനകളുടേയും സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തത്തിന്റെ ആഘാതത്തെ ഏറെക്കുറെ ലഘൂകരിയ്ക്കാനായി...

വെള്ളം കേറിക്കൊണ്ടിരിക്കുന്നിടങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് അവരെ രക്ഷിയ്ക്കാനായി. ഇങ്ങനെ വളരെ അഭിനന്ദനാര്‍ഹമായ സേവനം നടത്തുന്നതിനിടയില്‍ കണ്ണില്‍ക്കണ്ടതും, അനുഭവിച്ചറിഞ്ഞതുമായ ചില ദു:ഖ സത്യങ്ങള്‍ പറയാതെ വയ്യ...

കഴിഞ്ഞ നാലു ദിവസങ്ങളില്‍ പലപല ക്യാമ്പുകളില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും , ചോദിച്ചറിഞ്ഞും നിര്‍വ്വഹിക്കുന്നു. ചില ക്യാമ്പുകളില്‍ ഭക്ഷണം അതാതിടങ്ങളില്‍ പാചകം ചെയ്യുന്നു. മറ്റിടങ്ങളില്‍ പുറമെ നിന്നും പ്രളയബാധ അധികമേല്‍ക്കാത്ത ജനങ്ങള്‍ ഒറ്റക്കെട്ടായി ഭക്ഷണമുണ്ടാക്കി നല്‍കുന്നു. നേരില്‍ കണ്ട ക്യാമ്പുകളിലെ അന്തേവാസികള്‍ പരാതികളൊന്നുമില്ലാതെ മൂന്നും നാലും ദിവസം കഴിഞ്ഞു...

എന്നാല്‍ ക്യാമ്പുകളിലെത്തിയവരില്‍ ആരോഗ്യ ദൃഢഗാത്രരായ അന്തേ വാസികളില്‍ ഭൂരിപക്ഷവും ക്യാമ്പിലേയ്ക്ക് വേണ്ടുന്ന കാര്യങ്ങളില്‍ ഒരു കൈ സഹായം ചെയ്യാതെ ICU വില്‍ അഡ്മിറ്റാക്കിയതുപോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അവര്‍ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ കൊടിയ മഴയത്ത് പ്രദേശത്തെ DYFl, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളിലെ സ്ത്രീ പുരുഷ പ്രവര്‍ത്തകര്‍ ഇവരുടെ മുന്നിലെത്തിച്ചു കൊടുക്കും. കഴിച്ച പാത്രങ്ങള്‍ പോലും പുറത്തേയ്ക്ക് കൊണ്ടുപോയിടാന്‍ മടിക്കുന്നവര്‍...

ചിലര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ട് അപ്രത്യക്ഷമാകും. പിന്നെ ഇവരെ കാണുന്നത് തഹസില്‍ദാര്‍മാരുടേയും മറ്റു ദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ പുതിയ വസ്ത്ര ക്കിറ്റ്, ദുരിതാശ്വാസ ഫണ്ട് ഇവ വിതരണം ചെയ്യുമ്പോള്‍ മുന്‍പന്തിയില്‍... വീണ്ടും അപ്രത്യക്ഷമാകും. ഇവര്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണം ബാക്കിയാവുന്നതു മെച്ചം...

മറ്റൊരു കൂട്ടര്‍ ക്യാമ്പിനുള്ളില്‍ നിന്നും പുറത്തേയ്ക്ക് പോയി അടിയൊഴുക്കോടെ രൗദ്രമായൊഴുകുന്ന പുഴയിലേയ്ക്ക് ചെറിയ വഞ്ചി തുഴഞ്ഞ് ഒഴുകി വരുന്ന അലമാര, വാര്‍പ്പ്, ബിരിയാണി ചെമ്പ്, ഗ്യാസ് സിലിണ്ടര്‍ ,വലിയ തടികള്‍, പാത്രങ്ങള്‍ ഡ്രമ്മുകള്‍ തുടങ്ങി പല പല സാധനങ്ങള്‍ പിടിച്ചെടുത്ത് തങ്ങളുടെ മുങ്ങാറായ വീടിനുള്ളില്‍ സുരക്ഷിതമാക്കുന്ന ജോലിയില്‍ വ്യാപൃതരാകുന്നു. ജീവന്‍ നഷ്ടമാകുന്ന പ്രവര്‍ത്തി അരുതെന്ന് ശാസിച്ചാലും അവരെ ഇതൊന്നും ബാധിക്കില്ല. എന്തിനേറെ ഒഴുകി വന്ന ചരിഞ്ഞ ആനക്കുട്ടിയെ പിടിച്ചെടുത്തിട്ട് കേസാകുമെന്ന് ഭയന്ന് വിട്ടയച്ച സംഭവങ്ങള്‍ ക്യാമ്പിനുഷാറു പകരുന്നു.

വേറൊരു വിഭാഗം, ക്യാമ്പുകളില്‍ എത്തിയ്ക്കുന്ന തുണിത്തരങ്ങള്‍ വളരെ ആര്‍ത്തിയോടെ വാങ്ങി സൂക്ഷിയ്ക്കുന്നു. മൂന്നും നാലും പുതപ്പ് ,വിരി , പായ തുടങ്ങിയവ കരസ്ഥമാക്കി ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ പൂഴ്ത്തി വയ്ക്കുന്നു.

വ്യക്തി സംഭാവനകളുമായി ക്യാമ്പിലെത്തുന്നവരെ വളഞ്ഞ് അവര്‍ കൊണ്ടു വരുന്ന തുണിത്തരങ്ങളാണെങ്കില്‍ അതില്‍ മുന്തിയത് കൈക്കലാക്കിയിട്ട് ഇത് ഞങ്ങളുടെ ആളാണെന്ന് സ്ഥാപിക്കുക കൂടി ചെയ്യും. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കണ്ടു നില്‍ക്കുന്ന വോളണ്ടിയേഴ്‌സ്;' ഇതിലും ഭേദം മുങ്ങിപ്പോകുന്നതായിരുന്നുവെന്ന് ' സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു കൂട്ടര്‍ ക്യാമ്പില്‍ നിന്നും വിശപ്പടക്കി കാണുന്ന വാഹനങ്ങളില്‍ കേറി മെട്രോ സ്‌റ്റേഷനിലെത്തി സൗജന്യ യാത്രയിലൂടെ ആലുവ വെള്ളപ്പൊക്കം കണ്ട് തിരികെയെത്തിയുള്ള വീമ്പിളക്കല്‍ ക്യാമ്പിനെ കൊഴിപ്പിയ്ക്കുന്നു.

ഇനിയുമേറെയുണ്ട് പറയാന്‍ ... അതിലാന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേയ്ക്ക് ചില സ്ഥാപനങ്ങള്‍, ബ്രഡ്, പലവ്യഞ്ജനങ്ങള്‍ പോലുള്ള സാധനങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്നറിഞ്ഞ് അവിടെയെത്തി അതും വാങ്ങി സുരക്ഷിത കേന്ദ്രങ്ങളിലാക്കുന്നവരും ക്യാമ്പുകളിലുണ്ട്...

സാധാരണ ഇത്തരത്തിലുള്ള ക്യാമ്പുകളില്‍ ദുരിതദുരന്ത ഭീതിയോടെ മനുഷ്യന്‍ ഒന്നാകുന്ന സാഹചര്യങ്ങളാണുണ്ടാവുക; എന്നാല്‍ ഇവിടെ അങ്ങനെയുള്ള പ്രതീക്ഷകളൊക്കെ അസ്തമിക്കുന്ന നുഭവമാണുള്ളത്. ദുരന്തമധികമേല്‍ക്കാത്തവരുടെ ക്യാമ്പുകളിലാണ് ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍. ഇവര്‍ ദിവസവും വീടുകളിലെത്തി സ്ഥിതി വിശേഷങ്ങള്‍ അറിഞ്ഞ് തിരികെ ക്യാമ്പുകളിലെത്തി സ്വതസിദ്ധമായ ശൈലിയില്‍ പെരുമാറുന്നു.

അത്യാര്‍ത്തിയും, സ്വാര്‍ത്ഥതയും ജാതിമതങ്ങള്‍ തമ്മിലുള്ള വിഭാഗീയതയുമെല്ലാം കാണുമ്പോള്‍ ഇത്രയും വലിയൊരു ദുരന്തത്തില്‍ നിന്നും ഇവരൊന്നും മനസിലാക്കിയില്ലെയെന്നു സംശയം? ക്യാമ്പുകളില്‍ അവശ്യസാധനങ്ങളെത്തിക്കുന്ന വാഹന െ്രെഡവര്‍മാര്‍ അവര്‍ എന്തോ ധീരകൃത്യം ചെയ്യുന്ന പോലെ വണ്ടി മുന്നോട്ടെടുത്ത് പിന്നോട്ട് നിരക്കി ചുറ്റും നില്‍ക്കുന്നവരെ ഒന്നു ഭയപ്പെടുത്തി നിര്‍ത്തി ഇതാ ഔദാര്യം എന്ന ഭാവത്തില്‍ സാധനങ്ങള്‍ ഇറക്കുന്ന കാഴ്ചയും മറ്റൊരു ദുരന്തമാകുന്നു...

ഇത്രയും വലിയൊരു ദുരന്തത്തിന്റെ പേരില്‍ ധാരാളം കള്ളനാണയങ്ങളും പങ്ക് പറ്റാന്‍ ഇറങ്ങി തിരിച്ചിട്ടുണ്ടെന്ന വിവരവും സൂചിപ്പിക്കുന്നു. കാരണം ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്ന മെസേജ് വ്യാപകമായി പരന്നിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ നന്നായി മുതലെടുക്കുകയും ചെയ്യുന്ന വെന്ന് സൂചിപ്പിക്കുന്നു.

സന്മനസുള്ള മലയാളികളുടെയിടയില്‍ കൂതറകളുടെ എണ്ണം പെരുകുന്നുണ്ടോ എന്ന് സംശയം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com