അവസാനത്തെ ആളെയും രക്ഷിക്കും; ദുരിതത്തെ നേരിടാൻ ഒരുമിച്ച് നിന്നത് പോലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും നാം മറികടക്കും; മുഖ്യമന്ത്രി

പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ആളെയും രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അവസാനത്തെ ആളെയും രക്ഷിക്കും; ദുരിതത്തെ നേരിടാൻ ഒരുമിച്ച് നിന്നത് പോലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും നാം മറികടക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അവസാനത്തെ ആളെയും രക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുവരെ നിലവിലെ സജ്ജീകരണങ്ങൾ തുടരുമെന്നും  ഇതിന് വേണ്ടി സൂക്ഷ്‌മമായ പരിശോധന നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് വേണ്ടത്ര പരിശോധനകൾക്ക് ശേഷമായിരിക്കണം. ഇത്തരക്കാർക്ക് സർക്കാർ ശുചീകരണ കിറ്റ് നൽകും. വൈദ്യുതി ബന്ധം തകരാറിലായ വീടുകളിൽ വയറിങ്, പ്ലംബ്ബിങ് ജോലികൾ സൗജന്യമായി ചെയ്‌ത് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കാൻ തയ്യാറായി നിരവധി പേർ രംഗത്തെത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ ഇത്തരത്തിൽ സഹായമെത്തിക്കുന്നവർ അതത് ക്യാമ്പുകളിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം. ഉദ്യോഗസ്ഥർ ഇത് ക്യാമ്പുകളിൽ കഴിയുന്നവർക്ക് വീതിച്ച് നൽകും. ക്യാമ്പുകളിൽ പാർട്ടി, സംഘടനാ ചിഹ്നങ്ങളുമായി കയറണമെന്ന് ചിലർ നിർബന്ധം പിടിക്കുന്നുണ്ട്. അത് അംഗീകരിക്കാനാവില്ലെന്നും ദുരിതാശ്വാസ ഫണ്ടിലേക്കെന്ന പേരിൽ ചിലർ ഫണ്ട് പിരിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകൾ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് വേണ്ടത്. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 210 കോടി ലഭിച്ചു. 160 കോടി രൂപ വാഗ്‌ദ്ധാനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്തെ ബാധിച്ചിരിക്കുന്ന പ്രതിസന്ധിയിൽ ആശങ്കയുള്ള ചിലരുണ്ട്. എന്നാൽ ദുരിതത്തെ നേരിടാൻ നാം ഒരുമിച്ച് നിന്നത് പോലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും നാം മറികടക്കും. ദുരന്ത സമയത്ത് ഒരുമിച്ച് നിന്ന കേരളീയന്റെ മനസ് തന്നെയാണ് അതിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 3274 ക്യാമ്പുകളിൽ 10,28,073 ആളുകൾ ദുരിതബാധിതരായി കഴിയുന്നുണ്ട്. ഇതിൽ 2,12,735 പേർ സ്ത്രീകളും 2,03,847 പുരുഷന്മാരും 12 വയസിന് താഴെയുള്ള 1,01,491കുട്ടികളുമുണ്ട്. എല്ലാ ക്യാമ്പുകളിലും അടുക്കള സജ്ജീകരിച്ച് അവിടെത്തന്നെ ഭക്ഷണം പാചകം ചെയ്യും. ഇത്തവണ സംസ്ഥാനത്തെ ഓണാഘോഷവും ആർഭാടങ്ങളോടെയുള്ള ആഘോഷവും ഒഴിവാക്കണം. ഇതിന് മാറ്റി വയ്‌ക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറണമെന്നും സംസ്ഥാനത്ത് ആഗസ്‌റ്റ് എട്ട് മുതൽ 20 വരെ 220 പേർ മരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com