കുടിവെള്ളം പോലുമില്ലാതെ പ്രളയക്കയത്തില്‍ അമ്മ; മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ പട്ടിണിയുടെ രുചിയറിഞ്ഞ് പിഞ്ചു കുഞ്ഞ്

കുടിവെള്ളം പോലുമില്ലാതെ പ്രളയക്കയത്തില്‍ അമ്മ; മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ പട്ടിണിയുടെ രുചിയറിഞ്ഞ് പിഞ്ചു കുഞ്ഞ്

കുടിവെള്ളം പോലുമില്ലാതെ പ്രളയക്കയത്തില്‍ അമ്മ; മുലപ്പാല്‍ മാത്രം കുടിക്കേണ്ട പ്രായത്തില്‍ പട്ടിണിയുടെ രുചിയറിഞ്ഞ് പിഞ്ചു കുഞ്ഞ്

കൊച്ചി: ദുരിതക്കയത്തില്‍ നിന്നും രക്ഷയുടെ കര തേടിയപ്പോള്‍ അവരുടെ വാക്കുകള്‍ ഗദ്ഗദങ്ങളായി. രണ്ടു മാസത്തെ ജീവിതം പിന്നിട്ടപ്പോള്‍ ഈ പിഞ്ചുകുഞ്ഞിന് മുന്നില്‍ അഞ്ച് ദിവസം വെള്ളത്തിന്റെ വെല്ലുവിളി. മുലപ്പാല്‍ നല്‍കേണ്ട അമ്മ ദിവസങ്ങളായി പട്ടിണി. രക്ഷിക്കാനെത്തിയ അച്ഛനെ രണ്ടു വട്ടം വെള്ളം വഴിയില്‍ തടഞ്ഞു. എല്ലാം അതിജീവിച്ച് ആരവ് ഇതാ രക്ഷയുടെ കരയില്‍. പലരുടെ നെടുവീര്‍പ്പുകള്‍ക്കിടയില്‍ അവന്റെ പാല്‍പ്പുഞ്ചിരി. അമ്മയുടെ കയ്യില്‍, കമ്പിളിയുടെ ഇളംചൂടിലിരുന്ന ആരവിന്റെ ചിരി അമ്മ അഖിലയെ കരയിച്ചു. തിരുവന്‍വണ്ടൂര്‍ അനിതാലയത്തില്‍ അഖില പ്രസവത്തിനായി തിരുവനന്തപുരം കണിയാപുരത്തെ ഭര്‍ത്താവ് അരുണിന്റെ വീട്ടില്‍ നിന്നു തിരുവന്‍വണ്ടൂരിലെത്തിയതാണ്.


തിരിച്ചുപോക്ക് പ്രളയം തടഞ്ഞു. അഞ്ചു ദിവസമായി വീട്ടില്‍ കുടുങ്ങിയിട്ട്. അമ്മ അനിതയും അനുജത്തി അനിലയും അമ്മൂമ്മ അമ്മിണിയും മറ്റു കുറേപ്പേരും ഒപ്പം. ആരവ് മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞാണ്. പക്ഷേ, ദിവസങ്ങളായി അമ്മ പട്ടിണിയാണ്. അമ്മയെ അശക്തയാക്കി കുഞ്ഞ് ഇടയ്ക്കു നിര്‍ത്താതെ കരഞ്ഞു. ഭാഗ്യം, ആരവിന് അസുഖമൊന്നും വന്നില്ല. തണുപ്പു പേടിച്ച് അവനെ കുളിപ്പിച്ചിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം ജീവനക്കാരനാണ് അരുണ്‍. അഖിലയും ആരവും അകപ്പെട്ട ധര്‍മസങ്കടത്തിലേക്ക് ഓടിയെത്താന്‍ അരുണ്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആദ്യം എത്തിയപ്പോള്‍ കല്ലിശേരി കടന്നുപോകാന്‍ കഴിയാത്ത വെള്ളക്കെട്ട്.


അടുത്ത ദിവസം പന്തളത്തു വച്ചുതന്നെ യാത്ര മുടങ്ങി. ഇന്നലെ ആറ്റുവെള്ളം വലിഞ്ഞുതുടങ്ങിയപ്പോഴാണു രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം അരുണും ജ്യേഷ്ഠന്‍ കിരണും ഉറ്റവര്‍ തടവിലായ വെള്ളം കടന്നുചെന്നത്. രക്ഷയുടെ കരയിലേക്കു നെഞ്ചറ്റം വെള്ളത്തിലൂടെയായിരുന്നു യാത്ര. ആരവിനെ ഉയര്‍ത്തിപ്പിടിച്ചും ബോട്ടില്‍ കിടത്തിയും കരപറ്റി. പിന്നെ, നനഞ്ഞ ഒരുപാടു ജീവിതങ്ങള്‍ക്കൊപ്പം ടിപ്പറില്‍ അവരും ഇടം കണ്ടു. എംസി റോഡിലിറങ്ങി കണിയാപുരത്തേക്കു പുറപ്പെടാനൊരുങ്ങുമ്പോള്‍ ആരവ് ചിരിച്ചു കൊണ്ടേയിരുന്നു. അവനറിയില്ല, എത്ര വലിയ ദുരന്തമാണു നീന്തിക്കടന്നതെന്ന്. ആരവ് മുതിരുമ്പോള്‍ അവനെ കരുത്തനാക്കാന്‍ അരുണും അഖിലയും ആ കഥ പറഞ്ഞു കൊടുക്കട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com