ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ക്യാമ്പുകളിലുള്ളത് 85,925പേര്‍

പ്രളയദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു; ക്യാമ്പുകളിലുള്ളത് 85,925പേര്‍

ചെങ്ങന്നൂര്‍: പ്രളയദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറി.  വീടൊഴിയാന്‍ കൂട്ടാക്കത ചുരുക്കം ചിലര്‍ മാത്രമാണ് ഇവിടങ്ങളില്‍ തങ്ങുന്നത്. 

ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍സന്ദേശങ്ങള്‍വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി അങ്ങനെയില്ലെന്നുറപ്പാക്കി. വെള്ളം താഴ്ന്നതിനാല്‍ എല്ലായിടങ്ങലിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിക്കുന്നുണ്ട്. സൈന്യം ചെങ്ങന്നൂരില്‍ തുടരും. 

212 ക്യാമ്പുകളിലായി 85,925 പേരാണുള്ളത്. ക്യാമ്പില്‍ എത്താത്തവര്‍ 15,000ത്തോളംവരും.  ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ഇനി മുന്‍ഗണന. ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 40 ശതമാനം പേരെ (1,60,000) പ്രളയം ബാധിച്ചതായാണ് വിലയിരുത്തല്‍.പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.ക്യാമ്പുകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വീടുകള്‍ വൃത്തിയാക്കാനും മറ്റുമായി തിരികെയെത്തിതുടങ്ങിയിട്ടുണ്ട്.

ഇടനാട്ടില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി. ചിലയിടത്ത് ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. ആഡംബരവീടുകളുടെ അടിത്തറപോലും ഇളക്കിയാണ് പ്രളയം കടന്നുപോയത്. പമ്പാനദി കുത്തിയൊഴുകിയ ഇടങ്ങളിലെല്ലാം വന്‍ നാശമുണ്ടായി. ആയിരക്കണക്കിന് വീടുകള്‍ പ്രളയക്കെടുതിക്ക് ഇരയായി. തിങ്കളാഴ്ച ഹെലികോപ്റ്ററുകള്‍ ഭക്ഷണവിതരണത്തിനാണ് ഉപയോഗിച്ചത്. അഞ്ചുടണ്‍ ഭക്ഷ്യധാന്യം വിതരണംചെയ്തതായി ഏകോപനചുമതല വഹിക്കുന്ന പി. വേണുഗോപാല്‍ പറഞ്ഞു. ഉച്ചയോടെ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com