പ്രളയകാലത്തെ പൂഴ്ത്തിവയ്പ്പ്  രാജ്യദ്രോഹക്കുറ്റം: 39 വ്യാപാരികള്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റത്തിന് കേസ്

പ്രളയബാധയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമന്‍
പ്രളയകാലത്തെ പൂഴ്ത്തിവയ്പ്പ്  രാജ്യദ്രോഹക്കുറ്റം: 39 വ്യാപാരികള്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: പ്രളയബാധയുടെ പശ്ചാത്തലത്തില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമന്‍. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനാ പ്രതിനിധികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും ഇന്ധന കമ്പനികളുടെയും പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.

പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ കലക്ടറേറ്റില്‍ വിവരം അറിയിക്കണം. ഇത്തരക്കാരെ കണ്ടെത്താന്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. ഇതു രാജ്യദ്രോഹ കുറ്റമാണ്. ഇത്തരക്കാരുടെ കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങള്‍ കണ്ടുകെട്ടും.

മൂന്നു ദിവസത്തിനകം ചരക്കുനീക്കം സാധാരണഗതിയിലാകും. കോണ്‍വോയ് അടിസ്ഥാനത്തില്‍ ചരക്കുനീക്കത്തിന് പൊലീസ് സഹായം ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഇന്ധനനീക്കം വേഗത്തിലാകുമെന്നും തിലോത്തമന്‍ പറഞ്ഞു.

പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി എറണാകുളം ജില്ലയില്‍ വ്യാപക റെയ്ഡ് നടന്നു. ക്രമക്കേട് കണ്ടെത്തിയ 22 പച്ചക്കറി, പലവ്യഞ്ജന വ്യാപാരികള്‍ക്കെതിരെ നടപടി. വില കൂട്ടി വില്‍ക്കുക, പായ്ക്കറ്റുകളില്‍ പതിച്ച വിലയില്‍ കൃത്രിമം നടത്തുക തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. ഇവര്‍ക്കു നോട്ടിസ് നല്‍കി പിഴ ഈടാക്കും. 

കോട്ടയം ജില്ലാ, താലൂക്ക് സപ്ലൈ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 17 കടകള്‍ക്കെതിരെ കേസ് എടുത്തു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ കടകള്‍ക്കെതിരെയാണ് കേസ് എടുത്തത്. അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയില്‍ കോട്ടയം താലൂക്കില്‍ അളവില്‍ കൃത്രിമം കാണിച്ചത് കണ്ടെത്തിയ അഞ്ചു കടകള്‍ക്കെതിരെയും കവര്‍പാലിനു വിലകൂട്ടി വിറ്റ സംഭവത്തില്‍ വൈക്കത്ത് ഒരു കടയ്‌ക്കെതിരെയും കേസെടുത്തു. 

കട്ടപ്പനയില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണം നടത്തിയ സംഭവത്തില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കാഞ്ചിയാര്‍ സ്വദേശികളായ പുതുകാട്ടില്‍ അരുണ്‍ എം.നായര്‍ (29), ആറാനിയില്‍ ഡെന്‍സണ്‍ (29) എന്നിവരാണ് പിടിയിലായത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ പരാതിയെ തുടര്‍ന്നാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com