പ്രളയക്കെടുതി; സംസ്ഥാനത്തിന് 700 കോടി ധനസഹായം വാഗ്ദാനം ചെയ്ത് യുഎഇ 

പ്രളയക്കെടുതിയില്‍ ഉലയുന്ന സംസ്ഥാനത്തിന് യുഎഇ സര്‍ക്കാരിന്റെ ധനസഹായം.
പ്രളയക്കെടുതി; സംസ്ഥാനത്തിന് 700 കോടി ധനസഹായം വാഗ്ദാനം ചെയ്ത് യുഎഇ 

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ ഉലയുന്ന സംസ്ഥാനത്തിന് യുഎഇ സര്‍ക്കാരിന്റെ ധനസഹായം. 700 കോടി രൂപയുടെ ധനസഹായം യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന യുഎഇയുടെ സഹായ വാഗ്ദാനത്തിന് സംസ്ഥാനത്തിന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ വായ്പ കുടിശ്ശിക ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി അന്തേവാസികളെ ശല്യം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് ഇത്തരം നടപടികളില്‍ നിന്നും സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നിലവിലെ സവിശേഷ സാഹചര്യത്തില്‍ വായ്പ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ ആഭ്യന്തര വരുമാനത്തിന്റെ മൂന്നുശതമാനമാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വായ്പയുടെ പരിധി. ഇത് നാലരശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിലുടെ 10500 കോടി രൂപ അധികമായി കണ്ടെത്താന്‍ കഴിയുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പ്രളയക്കെടുതി നേരിടുന്ന പശ്ചാത്തലത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം. ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമായി 2600 കോടിരൂപ അധികമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.പശ്ചാത്തല സൗകര്യം, കൃഷി, തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ദീര്‍ഘകാല പദ്ധതികള്‍ക്കായി നബാര്‍ഡിന്റെ സഹായം തേടും. പുതിയ കേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 30ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com