മഴക്കെടുതിയെ തുടർന്ന് വീട്ടുകാർ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി ; പിന്നാലെ കാട്ടാനയെത്തി വീട് തകർത്തു

പൂപ്പാറ ഗാന്ധിനഗറിലെ അലക്സാണ്ടറിന്റെ വീടാണ് ഒറ്റയാൻ തകർത്തത്
മഴക്കെടുതിയെ തുടർന്ന് വീട്ടുകാർ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി ; പിന്നാലെ കാട്ടാനയെത്തി വീട് തകർത്തു

ഇടുക്കി :  മഴക്കെടുതിയെ തുടർന്നു ദുരിതാശ്വാസ ക്യാംപിലേക്ക് മാറിയ കുടുംബത്തിന്റെ വീട് കാട്ടാന തകർത്തു. ഇടുക്കി രാജകുമാരിയ്ക്ക് അടുത്ത് പൂപ്പാറ ഗാന്ധിനഗറിലെ അലക്സാണ്ടറിന്റെ വീടാണ് ശനിയാഴ്ച രാത്രി ഒറ്റയാൻ തകർത്തത്. കനത്ത മഴയെ തുടർന്ന്, ഗാന്ധിനഗർ ഭാഗത്ത് രണ്ടേക്കർ സ്ഥലം വിണ്ടുകീറിയ നിലയിലായിരുന്നു. 

മഴ ശക്തമായാൽ മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ, താഴെ ഭാ​ഗത്തുള്ള നാലു വീട്ടുകാരെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. ഇതിലൊരു വീടാണ് ഒറ്റയാൻ തകർത്തത്. കാട്ടാനയുടെ പരാക്രമത്തിൽ വീടിന്റെ അടുക്കളവശം പൂർണമായി തകർന്നു. അടുക്കള ഉപകരണങ്ങളും പൂർണമായി നശിപ്പിച്ചു. 

വീടിനകത്ത് ഉണ്ടായിരുന്ന അരി, മാവ്, മറ്റു ഭക്ഷ്യസാധനങ്ങൾ എന്നിവ തിന്നുതീർത്ത ശേഷമാണ് ആന മടങ്ങിയത്. ശാന്തമ്പാറ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഗാന്ധിനഗറിൽ കാട്ടാന ശല്യം ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപിൽനിന്ന് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് അലക്സാണ്ടർ വീട് തകർക്കപ്പെട്ട നിലയിൽ കാണുന്നത്. കൂലിവേല ചെയ്ത് ഉപജീവനം കണ്ടെത്തുന്ന അലക്സാണ്ടറിന്,  ഭാര്യയും രണ്ടു പെൺകുട്ടികളുമാണ് ഉള്ളത്. പഞ്ചായത്ത് അധികൃതരെയും വനം വകുപ്പിനേയും വിവരം അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com