മന്ത്രി രാജുവിന്റെ ചുമതല കൈമാറ്റവും വിവാദത്തില്‍, തിലോത്തമന് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ , വിദേശ യാത്ര ന്യായീകരിക്കരുതെന്ന് സിപിഐ, രാജുവിന്റെ വിശദീകരണം തള്ളി

വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി 
മന്ത്രി രാജുവിന്റെ ചുമതല കൈമാറ്റവും വിവാദത്തില്‍, തിലോത്തമന് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ , വിദേശ യാത്ര ന്യായീകരിക്കരുതെന്ന് സിപിഐ, രാജുവിന്റെ വിശദീകരണം തള്ളി

തിരുവനന്തപുരം : വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. വിദേശയാത്രയെ ന്യായീകരിക്കേണ്ടെന്ന് സിപിഐ നേതൃത്വം നിര്‍ദേശ നല്‍കി. വിഷയം ന്യായീകരിച്ച് വഷളാക്കേണ്ടെന്നും മന്ത്രിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. തന്റെ ജര്‍മ്മന്‍ യാത്രയെ വിമാനത്താവളത്തില്‍ വെച്ച് ന്യായീകരിച്ച മന്ത്രി കെ രാജുവിന്റെ വിശദീകരണമാണ് പാര്‍ട്ടി തള്ളിയത്. അതിനിടെ രാജുവിന്റെ ചുമതല കൈമാറ്റവും വിവാദത്തിലായി. 

പ്രളയക്കെടുതി നേരിടുന്നതില്‍ കോട്ടയം ജില്ലയുടെ ചുമതലയായിരുന്നു മന്ത്രി കെ രാജുവിന് ഉണ്ടായിരുന്നത്. മന്ത്രിസഭായോഗമാണ് രാജുവിന് കോട്ടയത്തിന്റെ ചുമതല ഉണ്ടായിരുന്നത്. പ്രളയക്കെടുതിക്കിടെ, രാജുവിന്റെ വിദേശയാത്ര അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ചുമതല ലെറ്റര്‍പാഡില്‍ മന്ത്രി പി തിലോത്തമന് കൈമാറിയിട്ടായിരുന്നു രാജു വിദേശത്തേക്ക് പറന്നത്. മന്ത്രിയുടെ ഈ നീക്കം മുഖ്യമന്ത്രി പോലും അറിയാതെ ആയിരുന്നു. 

എന്നാല്‍ മന്ത്രിയുടെ നടപടിയെയും സിപിഐ നേതൃത്വം ചോദ്യം ചെയ്തു. നിലവില്‍ വകുപ്പിന്റെ ചുമതല കൈമാറാന്‍ മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളൂ. എന്നാല്‍ മുഖ്യമന്ത്രി പോലും അറിയാതെ ചുമതല മറ്റൊരു മന്ത്രിയായ തിലോത്തമന് നല്‍കിയതും തെറ്റായ നടപടിയാണെന്ന് പാര്‍ട്ടിയില്‍ വിമര്‍ശമുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവര്‍ണറാണ് വകുപ്പ് മാറ്റത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. എന്നാല്‍ തന്റെ വകുപ്പ് നോക്കണമെന്ന് കെ രാജു ലെറ്റര്‍ പാഡില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന് കത്ത് കൈമാറുകയായിരുന്നു. 

പ്രളയക്കെടുതിക്കിടെ മന്ത്രി വിദേശയാത്ര നടത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, രാജുവിനെ മടക്കി വിളിക്കുകയായിരുന്നു. രാജുവിനെതിരെ നടപിടി വേണമോയെന്ന കാര്യം സംസ്ഥാന നിര്‍വാഹക സമിതി ചര്‍ച്ച ചെയ്യുമെന്നും കാനം അറിയിച്ചിരുന്നു.
 

എന്നാല്‍ കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ സംബന്ധിച്ച മന്ത്രി രാജു, പിന്നീട് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ കാര്യമായി ഇടപെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രാജുവിന്റെ നടപടിയില്‍ സിപിഐ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി സംസ്ഥാന നേതൃത്വത്തിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ പാർട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞാണ് താൻ വിദേശയാത്രയ്ക്ക് പോയതെന്നായിരുന്നു കെ രാജുവിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com