വെള്ളമിറങ്ങിയ വീട്ടില്‍ 35 പാമ്പുകള്‍; പ്രളയമൊഴിഞ്ഞപ്പോള്‍ പാമ്പുകളുടെ പ്രളയം, അഞ്ചുദിവസത്തിനിടെ ആശുപത്രിയിലെത്തിയത് 50ലേറെപേര്‍

പ്രളയത്തില്‍ മുങ്ങിപ്പോയ വീട്ടില്‍ നിന്ന് 35 പാമ്പുകളെയാണ് കൊന്നതെന്ന് ഗൃഹനാഥ
വെള്ളമിറങ്ങിയ വീട്ടില്‍ 35 പാമ്പുകള്‍; പ്രളയമൊഴിഞ്ഞപ്പോള്‍ പാമ്പുകളുടെ പ്രളയം, അഞ്ചുദിവസത്തിനിടെ ആശുപത്രിയിലെത്തിയത് 50ലേറെപേര്‍

ആലുവ: പ്രളയത്തില്‍ മുങ്ങിപ്പോയ വീട്ടില്‍ നിന്ന് 35 പാമ്പുകളെയാണ് കൊന്നതെന്ന് ഗൃഹനാഥ. ആലുവ ദേശത്തെ ദീപയാണ് പ്രളയദുരിതത്തെക്കുറിച്ച് മനോരമയില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഭര്‍ത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാംദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍. രണ്ടുമക്കളും ഭര്‍ത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണ് വഞ്ചിയില്‍ ക്യാംപിലേക്ക് കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍പോലും കയ്യിലുണ്ടായിരുന്നില്ല. ഒരു ജന്‍മത്തിന്റെ സമ്പാദ്യം മുഴുവന്‍ വെള്ളം എടുത്തുകൊണ്ടുപോയത് കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടുണ്ടല്ലോ എന്നുള്ളതാണ്. 

വീടിനുള്ളില്‍ നിന്ന് മാത്രം 35പാമ്പുകളെയാണ് കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു. തറയില്‍ നിറയെ കുതിര്‍ന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50കിലോയുടെ അരിച്ചാക്കുമായി ഭര്‍ത്താവ് വന്നുകയറിയതാണ്. പക്ഷേ,മുഴുവവനും കുതിര്‍ന്നുവീര്‍ത്ത്,തറയിലെ ചെൡയില്‍ കിടക്കുന്നു. ബുധനാഴ്ച മുതല്‍ ഞായറാഴ്ചവരെ വീട് വെള്ളത്തിലായിരുന്നുവെന്നും വെള്ളമിറങ്ങിയപ്പോള്‍ സഹിക്കാനാവാത്ത ദുര്‍ഗന്ധമാണെന്നും ഇവര്‍ പറയുന്നു. 

അഞ്ചുദിവസത്തിനുള്ളില്‍ അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ അമ്പതിലേറെപ്പേരാണ് പാമ്പുകടിയേറ്റ് ചികിത്സ തേടിയത്. എറണാകുളം,തൃശൂര്‍,പാലക്കാട്,ഇടുക്കി ജില്ലകളില്‍ നിന്നാണ് പാമ്പുകടിയേറ്റ് ചികിത്സയിലെത്തിയത്. അണലിയാണ് പ്രധാന ഉപദ്രവകാരി. മാളത്തില്‍ വെള്ളംകയറിയതോടെയാണ് പാമ്പുകള്‍ കൂട്ടമായി പുറത്തിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com