'കിടപ്പാടം നഷ്ടപ്പെട്ടവരുടെ വേദന പിടിച്ചുലച്ചു'; ആകെയുള്ള രണ്ടേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഉദ്യോഗസ്ഥ ദമ്പതികള്‍ 

തങ്ങളുടെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം ഒഴികെയുള്ള ഭൂമി വിട്ടുനല്‍കാനാണ് ഇവര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്
'കിടപ്പാടം നഷ്ടപ്പെട്ടവരുടെ വേദന പിടിച്ചുലച്ചു'; ആകെയുള്ള രണ്ടേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഉദ്യോഗസ്ഥ ദമ്പതികള്‍ 

ഇടുക്കി: പ്രളയക്കെടുതിയില്‍ ഒരു ജന്മം കൊണ്ട് സമ്പാദിച്ചുകൂട്ടിയ എല്ലാം നഷ്ടമായവരാണ് ചുറ്റിലും. ഇവരുടെ വേദനയും ദു:ഖവും ഉദ്യോഗസ്ഥ ദമ്പതികളെ പിടിച്ചുലച്ചു. കിടപ്പാടം നഷ്ടമായവര്‍ക്ക് ആകെയുള്ള സമ്പാദ്യമായ രണ്ടേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എം. ഗണേശനും പെരിയാര്‍ വില്ലേജ് ഓഫീസിലെ യു.ഡി ക്ലാര്‍ക്കായ ഭാര്യ എഴില്‍ അരശിയും. തങ്ങളുടെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം ഒഴികെയുള്ള ഭൂമി വിട്ടുനല്‍കാനാണ് ഇവര്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. 

വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ കടശിക്കാട് എന്ന സ്ഥലത്താണ് ഭൂമി. വണ്ടിപ്പെരിയാര്‍ പശുമലയില്‍ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന പരേതനായ മാടസ്വാമി  കനകമ്മ ദമ്പതികളുടെ മകനാണ് ഗണേശന്‍. കനകമ്മ എസ്‌റ്റേറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പെന്‍ഷന്‍ തുകയും ഗണേശന്റെയും ഭാര്യയുടെയും സമ്പാദ്യവും ഉപയോഗിച്ച് 2010 ല്‍ വിലയ്ക്കുവാങ്ങിയ സ്ഥലമാണ് ദാനം ചെയ്യുന്നത്. വണ്ടിപ്പെരിയാര്‍ പ്രദേശത്തെ ഭൂമിയുടെ ഏറിയപങ്കും വന്‍കിട തേയിലത്തോട്ടങ്ങളുടെ അധീനതയിലാണ്. രണ്ടും മൂന്നും തലമുറകളായി തോട്ടത്തില്‍ ജോലി ചെയ്ത തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ താമസിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. എവിടെങ്കിലും കുറച്ച് സ്വകാര്യ ഭൂമിയുണ്ടെങ്കില്‍ സെന്റിന് രണ്ടുലക്ഷം മുതലാണ് വില. അത്രയും വില നല്‍കി ഭൂമി വാങ്ങി വീടുവച്ച് താമസിക്കാന്‍ കഴിവില്ലാത്ത ധാരാളം ആളുകളുണ്ട്. അവരാണ് റോഡ്, തോട് പുറമ്പോക്കുകള്‍ കൈയേറി കുടില്‍കെട്ടി താമസിക്കുന്നത്. ഇത്തവണത്തെ വെള്ളപ്പൊക്കത്തില്‍ ഏറ്റവും അധികം ദുരിതമനുഭവിച്ചത് പുറമ്പോക്ക് നിവാസികളാണ്.

തോട്ടം തൊഴിലാളി കുടുംബത്തില്‍ ജനിച്ച തനിക്ക് മറ്റാരെക്കാളും ഈ പാവപ്പെട്ടവരുടെ വേദന നേരിട്ടു മനസിലാകും. അതുകൊണ്ടാണ് വീട് വയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് തന്റെയും കുടുംബത്തിന്റെയും ആകെയുള്ള സമ്പാദ്യം വിട്ടുനല്‍കുന്നതെന്ന് ഗണേശന്‍ പറഞ്ഞതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.ഏതെങ്കിലും സ്വകാര്യ സംരംഭകരോ സന്നദ്ധസംഘടനകളോ പണം മുടക്കുകയാണെങ്കില്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനാണ് ആലോചിക്കുന്നത്.ആരെങ്കിലും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഗണേശന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com