'ഞങ്ങള്‍ക്ക് കൂലിയൊന്നും വേണ്ട, വള്ളങ്ങള്‍ക്ക് വാടകയും വേണ്ട'; ഇത് നിങ്ങളുടെ കരുതലിനുള്ള നന്ദി 

പാരിതോഷികം പ്രതീക്ഷിച്ചല്ല തങ്ങള്‍ എത്തിയതെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികളും കേരള ജനതയും പറയുന്ന നല്ല വാക്കുകളാണ് തങ്ങള്‍ക്കുള്ള പാരിതോഷികമെന്നും അവര്‍ പറഞ്ഞു
'ഞങ്ങള്‍ക്ക് കൂലിയൊന്നും വേണ്ട, വള്ളങ്ങള്‍ക്ക് വാടകയും വേണ്ട'; ഇത് നിങ്ങളുടെ കരുതലിനുള്ള നന്ദി 

കാക്കനാട്: 'ഞങ്ങള്‍ക്ക് കൂലിയൊന്നും വേണ്ട, വള്ളങ്ങള്‍ക്ക് വാടകയും വേണ്ട, കേടു സംഭവിച്ച വള്ളങ്ങളും ബോട്ടുകളും നന്നാക്കിത്തന്നാല്‍ മതി', കലക്ടറേറ്റിലെ അഭിനന്ദന യോഗത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ പ്രതികരണമാണ് ഇത്. സുനാമിയും ഓഖിയും ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ കരുതല്‍ പതിന്‍മടങ്ങു മൂല്യത്തോടെ തിരിച്ചുനല്‍കാനായതില്‍ അഭിമാനമുണ്ടെന്നാണ് അഭിനന്ദന പ്രസംഗങ്ങള്‍ക്ക് മറുപടി പറഞ്ഞ മത്സ്യത്തൊഴിലാളി നേതാക്കളുടെ വാക്കുകള്‍. 

പാരിതോഷികം പ്രതീക്ഷിച്ചല്ല തങ്ങള്‍ എത്തിയതെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികളും കേരള ജനതയും പറയുന്ന നല്ല വാക്കുകളാണ് തങ്ങള്‍ക്കുള്ള പാരിതോഷികമെന്നും അവര്‍ പറഞ്ഞു. ഒരുപാട് ജീവനുകള്‍ രക്ഷിക്കാനായതിന്റെ പുണ്യം മാത്രം മതിയെന്നും അവര്‍ പറഞ്ഞു.

ഇരുളില്‍ കേന്ദ്രസേനപോലും എത്താത്തിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ചെന്നെത്തിയതിനാല്‍ ഒട്ടേറെ പേരെ കരയ്‌ക്കെത്തിക്കാനായെന്നും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഇതുമൂലം കഴിഞ്ഞെന്നും അഭനന്ദനയോഗത്തില്‍ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും ഐജി വിജയ് സാക്കറേയും പറഞ്ഞു. ദുരന്ത മേഖലകളിലേക്ക് വള്ളങ്ങളുടെയും ചെറു ബോട്ടുകളുടെയും ഘോഷയാത്രയായിരുന്നെന്നും ഹെലികോപ്റ്റര്‍ ഉപയോഗിച്ചു രക്ഷപ്പെടുത്തിയതിന്റെ പതിന്‍മടങ്ങ് ആളുകളെ വള്ളത്തില്‍ രക്ഷിക്കാനായെന്നും അവര്‍ പറഞ്ഞു. 

തങ്ങളുടെ ജീവിതമാര്‍ഗ്ഗമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും കേടുപാടുകള്‍ അവഗണിച്ചു സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളോടാണ് നാടിന്റെ കടപ്പാടെന്ന് കോസ്റ്റല്‍ സെക്യൂരിറ്റി ഡിഐജി പറഞ്ഞു. വള്ളങ്ങളുടെയും ബോട്ടുകളുടെയും കേടുപാടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com