നാം പഠിക്കേണ്ടതുണ്ട്; വിവാദങ്ങള്‍ ദുരിതബാധിതരുടെ താത്പര്യങ്ങള്‍ക്ക് എതിര്; മുരളി തുമ്മാരുകുടി

പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനെ വിമര്‍ശിച്ച് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി
നാം പഠിക്കേണ്ടതുണ്ട്; വിവാദങ്ങള്‍ ദുരിതബാധിതരുടെ താത്പര്യങ്ങള്‍ക്ക് എതിര്; മുരളി തുമ്മാരുകുടി

പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിനെ വിമര്‍ശിച്ച് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. പ്രളയത്തിന് ഉത്തരവാദി ആരാണെന്ന തരത്തിലാണ് ഇപ്പോള്‍ വിവാദങ്ങള്‍. അണക്കെട്ടുകള്‍ തുറക്കുന്നതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു മനസ്സിലാക്കണമെന്നും എന്നാല്‍ ആദ്യമേ ഒരാളെ അല്ലെങ്കില്‍ വകുപ്പിനെ കുറ്റവാളിയാക്കി അന്വേഷണം തുടങ്ങിയാല്‍ യഥാര്‍ഥ വിവരങ്ങള്‍ ഒരിക്കലും പുറത്തു വരില്ലെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഈ പ്രളയത്തെപ്പറ്റി തീര്‍ച്ചയായും പഠിക്കണം, അടുത്ത മഴക്കാലത്തിന് മുന്‍പ് ആ പാഠങ്ങള്‍ പഠിച്ചാല്‍ മതി. ഇപ്പോള്‍ ഈ തുടങ്ങുന്ന വിവാദങ്ങള്‍ ദുരിതബാധിതരുടെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിന്ന്:

അണ തുറക്കുന്ന വിവാദങ്ങള്‍...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍, കുറച്ചാളുകള്‍ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂര്‍ഖന്‍ പാമ്പിനെയും വരെയാണ് അവര്‍ക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതല്‍ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസഥര്‍ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ യുവാക്കള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെ സഹായിക്കുന്നു. കാണുമ്പോള്‍ അഭിമാനമാണ്, കേള്‍ക്കുമ്പോള്‍ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോള്‍ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?' എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാല്‍ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാന്‍. അങ്ങനെ അനവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാന്‍ വേണ്ടിയല്ല. കേരളത്തില്‍ ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തില്‍ ഒരു വന്‍ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയില്‍ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല. പക്ഷേ, നമ്മുടെ അണക്കെട്ടുകള്‍ എങ്ങനെയാണു മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കില്‍ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാല്‍ യഥാര്‍ഥമായ വിവരങ്ങള്‍ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങള്‍ പഠിക്കുകയും ഇല്ല.

അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവര്‍ കേരളത്തിനു സഹായം തരികയാണ്. ഈ അവസരത്തില്‍ ഒരു വിവാദം ഉണ്ടാക്കിയാല്‍ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. എന്ന് മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരില്‍ നിന്ന് മാറുകയും ചെയ്യും.

ഈ പ്രളയത്തെപ്പറ്റി നമ്മള്‍ തീര്‍ച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീര്‍ച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുന്‍പ് ആ പാഠങ്ങള്‍ നാം പഠിച്ചാല്‍ മതി. ഇപ്പോള്‍ ഈ തുടങ്ങുന്ന വിവാദങ്ങള്‍ ദുരിതബാധിതരുടെ താത്പര്യങ്ങള്‍ക്ക് എതിരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com