'നൂറ് പശുക്കളും ഒരു ലക്ഷം മനുഷ്യരും പ്രളയത്തില്‍ പെട്ടു';  കേന്ദ്രത്തെ ട്രോളി ടൊവിനോ

അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.
'നൂറ് പശുക്കളും ഒരു ലക്ഷം മനുഷ്യരും പ്രളയത്തില്‍ പെട്ടു';  കേന്ദ്രത്തെ ട്രോളി ടൊവിനോ

കേരളത്തെ പിടിച്ചുകുലുക്കി പ്രളയം എത്തിയപ്പോള്‍, മുന്‍പൊരിക്കലും കാണാത്ത ഒത്തൊരുമയാണ് സംസ്ഥാനത്ത് ഒന്നടങ്കം ദൃശ്യമായത്. ജാതിമതഭേദമന്യേ എല്ലാവരും കൈയ്യും മെയ്യും മറന്ന്  രക്ഷാദൗത്യത്തില്‍ പങ്കാളിയായി. ചെറുപ്പക്കാരുടെ സാന്നിധ്യമാണ് സമൂഹത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നത്. സെലിബ്രിറ്റികള്‍ അടക്കം സജീവ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വന്നു. അതില്‍ മലയാളികളുടെ മനസ് കവര്‍ന്നത് യുവ താരം ടൊവീനോ തോമസാണ്. 

പ്രളയം തുടങ്ങിയ ദിവസം മുതല്‍ ഇരിങ്ങാലക്കുടക്കാരനായ ടോവിനോ ദിവസങ്ങളോളം ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആളുകള്‍ക്കായി തന്റെ വീടിന്റെ വാതിലുകള്‍ തുറന്നിട്ട അദ്ദേഹം അവിടെയുള്ള ദുരിതാശ്വാസ ക്യാമ്പില്‍ ജനങ്ങള്‍ക്കൊപ്പം ആയിരുന്നു ദിവസങ്ങളോളം. അവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിച്ചും, അവിടുത്തെ ഓരോ ജോലികള്‍ ചെയ്തും, അതുപോലെ തന്നെ യുവാക്കളെ തന്റെ വാക്കുകള്‍ കൊണ്ട് ഉത്തേജിപ്പിച്ചും ഈ യുവ താരം മലയാളികളുടെ താരമായി മാറി. 

ഇത്തവണ കേന്ദ്ര സര്‍ക്കാരിനെ ട്രോളി തന്റെ അമര്‍ഷം പുറത്തുവിട്ടിരിക്കുകയാണ് ടൊവിനോ. 'നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും', കേന്ദ്രസഹായ വേണമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ ആവശ്യപ്പെട്ടത്. അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കേരളത്തിന് കൈത്താങ്ങെത്തുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആദ്യം 100 കോടിയും പിന്നെ 500 കോടിയുമാണ് ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പരിമിതമാണ് എന്ന് അഭിപ്രായമാണ് കേരളത്തിന് പൊതുവായി ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com