പ്രളയ ബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ; മൂന്നു മാസത്തേക്ക് ജപ്തി നടപടികൾ ഇല്ല

വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കുമാണ് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുക. ജൂലായ് 31 മുതലാണ് മൊറട്ടോറിയം ബാധകമാവുക
പ്രളയ ബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ; മൂന്നു മാസത്തേക്ക് ജപ്തി നടപടികൾ ഇല്ല

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ എല്ലാ ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം. തിരുവനന്തപുരത്തു നടന്ന സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോ​ഗമാണ് തീരുമാനമെടുത്തത്. വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കുമാണ് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുക. ജൂലായ് 31 മുതലാണ് മൊറട്ടോറിയം ബാധകമാവുക. 

വിദ്യാഭ്യാസ ലോണുകള്‍ക്ക് ആറ് മാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലേയും പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇളവ് അനുവദിച്ചത്. വായ്പ എടുത്തവര്‍ ഇതിനായി പ്രത്യകം അപേക്ഷ സമര്‍പ്പിക്കണം. മൂന്നു മാസത്തേയ്ക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും ബാങ്കേഴ്സ് സമിതി അറിയിച്ചു.

ദുരിതബാധിതര്‍ക്ക് ഈടില്ലാതെ 10,000 രൂപ വരെ ലോണ്‍ അനുവദിക്കാനും കുടിശികയില്ലാത്ത കൃഷി വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റാമെന്നും യോഗത്തില്‍ തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം 18 മാസം വരെ നീട്ടാം. പ്രളയത്തില്‍ ബാങ്ക് രേഖകളോ കാര്‍ഡുകളോ നഷ്ടമായിട്ടുണ്ടെങ്കില്‍ അത് സൗജന്യമായി വീണ്ടും നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേയ്ക്ക് പുനഃക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മഴക്കെടുതിയെയും പ്രളയത്തെയും തുടർന്ന് സംസ്ഥാന വ്യാപകമായി ഉണ്ടായ നാശം കണക്കിലെടുത്താണ് ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com