പ്രളയക്കെടുതിക്കു കാരണം കെഎസ്ഇബിയുടെ ലാഭക്കൊതി, ഡാമുകള്‍ തുറക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ; സര്‍ക്കാരിനെതിരെ ചെന്നിത്തല

മഴ കനക്കുമെന്ന് കാലാവാസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു. ഇത് കെഎസ്ഇബിയും സര്‍ക്കാരും അവഗണിച്ചു
പ്രളയക്കെടുതിക്കു കാരണം കെഎസ്ഇബിയുടെ ലാഭക്കൊതി, ഡാമുകള്‍ തുറക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ; സര്‍ക്കാരിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിക്കു മുഖ്യ കാരണം കെഎസ്ഇബിയുടെ ലാഭക്കൊതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡാമുകള്‍ സമയത്തു തുറന്നുവിടുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

ഇതിനു മുമ്പ് കേരളത്തില്‍ വലിയ പ്രളയമുണ്ടായത് 1924ലാണ്. അന്നത്തേക്കാള്‍ കുറവു മഴയാണ് ഇത്തവണയുണ്ടായത്. എന്നിട്ടും വ്യാപകമായ നാശനഷ്ടങ്ങളുണ്ടാവാന്‍ കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 

പമ്പയിലെ ഒന്‍പതു ഡാമുകള്‍ ഒരുമിച്ചു തുറന്നു. ചാലക്കുടി പുഴയിലെ ആറു ഡാമുകള്‍ തുറന്നുവിട്ടു. ഇടുക്കി, എറണാകുളം ജില്ലയിലെ 11 ഡാമുകളാണ് തുറന്നത്. ഇവയുടെ പ്രത്യാഘാതം പരിശോധിച്ചില്ല. സ്വീകരിക്കേണ്ട മുന്‍കരുതലുകളെടുത്തില്ല. ഇതുമൂലം 
പലയിടത്തും ആളുകള്‍ വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വെള്ളം കയറിവരുന്ന സാഹചര്യമാണുണ്ടായതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. 

മഴ കനക്കുമെന്ന് കാലാവാസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ടായിരുന്നു. ഇത് കെഎസ്ഇബിയും സര്‍ക്കാരും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാന്‍ അനുമതി കൊടുക്കേണ്ടത് സര്‍ക്കാരാണ്. മറ്റു ഡാമുകള്‍ തുറക്കുന്നതില്‍ കെഎസ്ഇബിയോ ജലവിഭവ വകുപ്പോ ആണ് തീരുമാനമെടുക്കുന്നത്. മഴ കനക്കുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നേരത്തെ ഡാമുകള്‍ തുറന്നുവയ്ക്കാമായിരുന്നു. നേരത്തെ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

ലാഭക്കൊതിയോടെ പ്രവര്‍ത്തിച്ച വൈദ്യുതി ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. ഇടുക്കിയില്‍ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് 23ന് വൈദ്യുതിമന്ത്രി പറഞ്ഞു. എന്നാല്‍ അതു നടന്നില്ല. 2400ന് അടുത്ത് എത്തിയപ്പോഴാണ് ട്രയല്‍ റണ്‍ നടത്തിയത്. ട്രയല്‍ റണ്‍ നടത്തേണ്ടതില്ലെന്ന നിലപാടാണ് ജലവിഭവ വകുപ്പ് മന്ത്രി സ്വീകരിച്ചത്. വൈദ്യുതി മന്ത്രിയും ജലവിഭവ മന്ത്രിയും തമ്മില്‍ ഏകോപനത്തില്‍ വീഴ്ചയുണ്ടായി. ഇടുക്കി ഡാമിന്റെ മാനേജ്‌മെന്റില്‍ ഉണ്ടായ വീഴ്ചയാണ് പ്രളയത്തിനു മുഖ്യകാരണം. 

പെരിങ്ങള്‍ക്കുത്ത് ജൂണ്‍ പത്തിന് പൂര്‍ണ ശേഷയില്‍ എത്തി. എന്നിട്ടും തുറന്നുവിട്ടില്ല. ചാലക്കുടി പുഴ സംരക്ഷണ സമിതി ജൂണ്‍ 24ന് സര്‍ക്കാരിനു മുന്നറിയിപ്പുനല്‍കി. സര്‍ക്കാര്‍ അതും കണക്കിലെടുത്തില്ല. ഇതിനിടെ തമിഴ്‌നാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നുവിട്ടു. ഇവിടെയെല്ലാം കേരള സര്‍ക്കാരിനു ഗുരുതരമായ വീഴ്ചയുണ്ടായി. പമ്പയിലും സമാനമായ സ്ഥിതിയാണ് ഉണ്ടായതെന്ന് ചെന്നിത്തല ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com