അത് തെറ്റുതന്നെ, ന്യായീകരിക്കുന്നില്ല ; എന്നാല്‍ രാജി വെക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജു 

താന്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. സ്ഥിതിഗതികള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല
അത് തെറ്റുതന്നെ, ന്യായീകരിക്കുന്നില്ല ; എന്നാല്‍ രാജി വെക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി കെ രാജു 

തിരുവനന്തപുരം : സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോള്‍ ജര്‍മ്മനിയിലേക്ക് വിവാദയാത്ര നടത്തിയതില്‍ ഖേദപ്രകടനവുമായി വനംമന്ത്രി കെ രാജു. പ്രളയസമയത്ത് താനിവിടെ ഇല്ലാതിരുന്നത് തെറ്റു തന്നെയാണ്. താന്‍ പോകുമ്പോള്‍ സ്ഥിതി ഇത്ര രൂക്ഷമായിരുന്നില്ല. താന്‍ പോയതിന് ശേഷമാണ് പ്രളയം രൂക്ഷമായത്. സ്ഥിതിഗതികള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ യാത്രയെ ന്യായീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

പിന്നീട് സ്ഥിതിതികള്‍ അറിഞ്ഞപ്പോള്‍ കേരളത്തിലേക്ക് മടങ്ങാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടെ മടങ്ങിവരണമെന്ന് കാണിച്ച് പാര്‍ട്ടി സെക്രട്ടറിയുടെ അറിയിപ്പും ലഭിച്ചു. എന്നാല്‍ വിമാന ടിക്കറ്റ് ലഭിക്കാനുള്ള താമസം പിന്നെയും തടസ്സമായി. തുടര്‍ന്ന് താന്‍ ഉണ്ടായിരുന്ന സ്ഥലത്തു നിന്നും 185  കിലോമീറ്റര്‍ അകലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നാണ് വിമാന ടിക്കറ്റ് സംഘടിപ്പിച്ച് സംസ്ഥാനത്തേക്ക് തിരിച്ചതെന്നും മന്ത്രി കെ രാജു വിശദീകരിച്ചു. 

താന്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അനുമതിയോടെയാണ് ജര്‍മ്മനിയിലേക്ക് പോയത്. ഒരുമാസം മുമ്പേ തന്നെ തന്റെ യാത്രക്ക് അംഗീകാരം ലഭിച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ച് വന്ന ആളാണ് താന്‍. ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നാണ് താന്‍ എംഎല്‍എയും മന്ത്രിയും ആയത്. ജനങ്ങള്‍ക്ക് ദുരിത പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഇതുവരെ ഒളിച്ചോടിയിട്ടില്ല. മന്ത്രിസ്ഥാനം രാജിവെക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെ രാജു പറഞ്ഞു. 

മന്ത്രി പി തിലോത്തമന് വകുപ്പ് കൈമാറിയതിനെയും മന്ത്രി രാജു ന്യായീകരിച്ചു. തിലോത്തമന് വകുപ്പ് കൈമാറുകയല്ല ചെയ്തത്. പകരം തന്റെ അഭാവത്തില്‍ വകുപ്പിലെ വിഷയങ്ങളില്‍ ശ്രദ്ധവെയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചെറിയ ദിവസത്തെ യാത്ര ആയതിനാലാണ് ഇങ്ങനെ ചെയ്തത്. ഇത് വകുപ്പ് കൈമാറ്റമല്ല, വകുപ്പ് അറേഞ്ച്‌മെന്റ് മാത്രമാണ്. വലിയ കാലത്തേക്ക് അവധി എടുക്കുമ്പോഴാണ് മുഖ്യമന്ത്രി അറിഞ്ഞ് മറ്റൊരു മന്ത്രിക്ക് വകുപ്പിന്റെ ചുമതല കൈമാറുന്നതെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com