മൂന്ന് ആനക്കുട്ടികള്‍, കടുവ, കാട്ടുപോത്ത്...; പ്രളയത്തിന് ഇരയായവയില്‍ വന്യജീവികളും

മൂന്ന് ആനക്കുട്ടികള്‍, കടുവ, കാട്ടുപോത്ത്...; പ്രളയത്തിന് ഇരയായവയില്‍ വന്യജീവികളും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം താറുമാറാക്കുകയും വലിയ നാശമുണ്ടാക്കുകയും ചെയ്ത പ്രളയം വനജീവികള്‍ക്കും ദുരന്തമായി. വെള്ളപ്പൊക്കത്തില്‍ വനമേഖലയിലുണ്ടായ നാശം കണക്കാക്കിവരുന്നതേയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും മൂന്ന് ആനക്കുട്ടികളും ഒരു കടുവയും ഒരു കാട്ടുപോത്തും ചത്തതായി സ്ഥിരീകരിക്കാനായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. 

വടക്കന്‍ വയനാട് വനമേഖലയിലാണ് ആനക്കുട്ടികള്‍ ചരിഞ്ഞതായി കണ്ടെത്തിയത്. തേക്കടിയിലാണ് കടുവയുടെ മൃതദേഹം കണ്ടത്. പാമ്പുകള്‍, നീര്‍നായ്ക്കള്‍ തുടങ്ങിയവ വന്‍തോതില്‍ ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് വനംവകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.

ചരിഞ്ഞ ആനക്കുട്ടികളില്‍ ഒന്നിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. പാറക്കെട്ടില്‍ വീണാണ് ആനക്കുട്ടിക്കു ജീവന്‍ നഷ്ടമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. മണ്ണിടിച്ചിലിലാവാം ഇതു സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

തേക്കടി വനമേഖലയില്‍ മുപ്പത്തിയഞ്ചു മുതല്‍ നാല്‍പ്പതു വരെ കടുവകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഒന്നാണ് പ്രളയത്തില്‍ പെട്ട് ജീവന്‍ വെടിഞ്ഞത്. പതിമൂന്നു വയസു പ്രായമുള്ള കടവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു കാട്ടുപോത്തിന്റെയും ശരീരം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.

പ്രളയക്കെടുതിക്ക് ഇരയായ വലിയ മൃഗങ്ങളുടെ കണക്ക് മാത്രമേ ഭാഗികമായെങ്കിലും വനംവകുപ്പ് ഓഫിസില്‍ എത്താനിടയുള്ളൂവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്നവര്‍ പറയുന്നത്. ചെറിയ ജീവികള്‍ കണക്കില്ലാത്ത വിധം കെടുതിക്ക് ഇരയായിട്ടുണ്ടാവാം. ജീവന്‍ നഷ്ടമായവയ്ക്കു പുറമേ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടവരും നിരവധിയുണ്ടാവും. ഇതെല്ലാം കാടിന്റെ സ്വാഭാവിക സ്ഥിതിയില്‍ വലിയ മാറ്റം വരുത്തുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com