റാന്നിയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത് രാത്രി ഒരു മണിക്ക്, ജനങ്ങള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടേണ്ടി വന്നു, പ്രളയം ഭരണകൂട സൃഷ്ടിയെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

ചെറുതോണി ഒഴികെ മറ്റൊരിടത്തും  കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. റാന്നിയില്‍ രാത്രി ഒരു മണിക്ക് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത്
റാന്നിയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത് രാത്രി ഒരു മണിക്ക്, ജനങ്ങള്‍ ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഓടേണ്ടി വന്നു, പ്രളയം ഭരണകൂട സൃഷ്ടിയെന്ന് ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രളയം ഭരണകൂട സൃഷ്ടിയാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അണക്കെട്ട് തുറക്കുന്നതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും വീഴ്ച സംഭവിച്ചു. ഇതാണ് വന്‍ പ്രളയക്കെടുതിയിലേക്ക് നയിച്ചത്. ചെറുതോണി ഒഴികെ മറ്റൊരിടത്തും സര്‍ക്കാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. റാന്നിയില്‍ രാത്രി ഒരു മണിക്ക് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയത്. ഇത് ആര് കേള്‍ക്കാനാണ്. ചെങ്ങന്നൂരില്‍ രാത്രി വെള്ളം കയറിയപ്പോള്‍ ജനങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. 

ഇടുക്കിയിലും ചെറുതോണിയിലും മാത്രമാണ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കിയത്. ചെറുതോണിയില്‍ ഒഴികെ ഒരിടത്തും ആളുകളെ മാറ്റിപാര്‍പ്പിച്ചില്ല. ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു എങ്കില്‍ ഇത്രയധികം രക്ഷാപ്രവര്‍ത്തനം വേണ്ടി വരുമായിരുന്നോ എന്നും  പ്രതിപക്ഷ നേതാവ് ചോദിച്ചു. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനം തന്നെ ഒഴുകിപ്പോയി. 

മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര ജലകമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ലംഘിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അണക്കെട്ടിന് സമീപത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള മുന്നൊരുക്കം, വെള്ളപ്പൊക്കം എത്രവരെ ഉണ്ടാകും, ദുരിതാശ്വാസ ക്യാമ്പുകള്‍ എവിടെയൊക്കെ തുടങ്ങണം, എന്തൊക്കെ മരുന്നുകള്‍ കരുതി വെക്കണം തുടങ്ങിയ കാര്യങ്ങള്‍ ക്രമീകരിക്കണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. വെള്ളം തലയ്ക്ക് മുകളിലെത്തിയപ്പോഴാണ് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. എത്ര ലാഘവത്തോടെയാണ് ഈ പോസ്റ്റ് ഇട്ടതെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. 

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും മുഖ്യമന്ത്രി ഉപയോഗിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അണക്കെട്ട് തുറക്കേണ്ടെന്ന് താന്‍ പറഞ്ഞില്ല. അണക്കെട്ട് മുമ്പേ തുറക്കണമായിരുന്നു എന്നാണ് തന്റെ നിലപാട്. എന്നാല്‍ അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ വൈദ്യുതമന്ത്രിയും ജലവിഭവ മന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ബാണാസുര സാഗറും മുന്നറിയിപ്പില്ലാതെ അര്‍ധരാത്രിയിലാണ് തുറന്നത്. ഇത് അവിടുത്തെ സിപിഎം എംഎല്‍എയും, സിപിഐം നേതാക്കളും ആരോപിച്ചിരുന്നു. തണ്ണീര്‍മുക്കം ബണ്ടിലെ ചെളി നീക്കുന്നതിലെ അലംഭാവവും, തോട്ടപ്പള്ളി സ്പില്‍ വേ തുറക്കാത്തതുമാണ് കുട്ടനാട്ടിലെ വെള്ളക്കെട്ടിന് കാരണം. പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com