'ഇനിയുമിങ്ങനെ ഒരു ദുരന്തം വരാതിരിക്കട്ടെ, മലകള്‍ ഇളകി പുഴയിലുടെ വന്നു ചേര്‍ന്നല്ലോ'; ദുരിതാശ്വാസ ക്യാമ്പിനെ കൈയിലെടുത്ത രവീന്ദ്രന്‍ ചേട്ടന്റെ 'സന്ദേശ' ഗാനം വൈറല്‍ (വീഡിയോ)
By സമകാലികമലയാളം ഡെസ്‌ക് | Published: 24th August 2018 10:15 PM |
Last Updated: 24th August 2018 10:43 PM | A+A A- |
'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ, തണലു കിട്ടാന്‍ തപസിലാണിന്നിവിടെ എല്ലാ മലകളും....' കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളില്‍ സജീവമായി ആലപിക്കപ്പെടുന്ന പരിസ്ഥിതി ഗാനമാണിത്. ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ അതിജീവനത്തിന്റെ സന്ദേശം പകരുന്ന ഈ ഗാനം എല്ലാ മലയാളി പരിസ്ഥിതി സ്‌നേഹികളുടെയും ദേശീയ ഗാനമായി മാറി എന്ന് പറയുന്നതാണ് ശരി.
ഇപ്പോള്‍ ഇത് ഇവിടെ പറയാന്‍ കാരണം എന്ത് എന്ന ചോദ്യം ഉയരാം. പ്രളയക്കെടുതിയില്‍ ക്യാമ്പില്‍ കഴിയുന്ന ഒരു അന്തേവാസി പാടിയ പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ പരിസ്ഥിതി ഗാനത്തിന്റെ മനോഹരമായ ഈണത്തിന്റെ പൊലിമ നഷ്ടപ്പെടാതെ വരികളില്‍ മാറ്റം വരുത്തി രവീന്ദ്രന്‍ ഒ കെ പാടിയ പാട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ ചെളി നിറഞ്ഞ വീട് എന്ന് വാസയോഗ്യമാകുമെന്ന ആശങ്കക്കിടയിലാണ് ഇനി ഇത്തരം ഒരു ദുരന്തം മനുഷ്യകുലത്തില്‍ സംഭവിക്കരുത് എന്ന പ്രാര്‍ത്ഥന അദ്ദേഹം പങ്കുവെയ്ക്കുന്നത്. മഹാരാജാസ് കോളേജിലെ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ തലവന്‍ സന്തോഷ് ടി വര്‍ഗീസാണ് തന്റെ ഫെയ്‌സ്ബുക്കില്‍ ഈ ഗാനം പാടുന്നതിന്റെ വീഡിയോ പങ്കുവെച്ചത്.
സംസ്ഥാനത്തെ പിടിച്ചുലച്ച ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ വേദന അതേ തീവ്രതയോടെയാണ് രവീന്ദ്രന്‍ വരികളില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനി ഇത്തരം ഒരു ദുരന്തം സംഭവിക്കരുത് എന്ന പ്രാര്‍ത്ഥനയും കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് നിവാസിയായ ഈ 52 കാരന്റെ പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നു. 'ഇനിയുമിങ്ങനെ ഒരു ദുരന്തം വരാതിരിക്കട്ടെ, മലകള്‍ ഇളകി പുഴയിലുടെ വന്നു ചേര്‍ന്നല്ലോ' എന്ന ഗാനത്തിലെ ആദ്യ വരികള്‍ തന്നെ കേരളത്തെ ഉലച്ച പ്രകൃതിദുരന്തത്തിന്റെ വ്യാപ്തി വിളിച്ചോതുന്നതാണ്. അതുകൊണ്ട് തന്നെ നഷ്ടത്തിന്റെ വേദനമറക്കാന്‍ ക്യാമ്പിലുളള അന്തേവാസികള്‍ രവീന്ദ്രന്റെ ഈ ഗാനത്തൊടൊപ്പം എല്ലാം മറന്ന് കൂടെ പാടി. കൈയടിച്ചും താളം പിടിച്ചും രവീന്ദ്രന്റെ ഗാനത്തെ എല്ലാവരും കൈയും മെയ്യും മറന്ന് പ്രോത്സാഹിപ്പിച്ചു. പ്രകൃതിയെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയും സന്ദേശമായി ഗാനത്തിലുടെ ഒഴുകി എത്തുന്നു.
എറണാകുളം മഹാരാജാസ് കോളേജിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങള്‍ക്കു വേണ്ടി 'ഇന്ത്യന്‍ എപ്പിക്ക് പ്രോജക്റ്റ്' നടത്തിയ ഗാനമേളയിലാണ് രവീന്ദ്രനും പാടിയത്. ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനം മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ ഇടയാക്കിയ ഗായിക രശ്മി സതീഷിന്റെ സാന്നിധ്യത്തിലായിരുന്നു 400ഓളം വരുന്ന അന്തേവാസികളെ കൈയിലെടുത്ത രവീന്ദ്രന്റെ ഗാനാലാപനം. കരിങ്കല്ല് പണി ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്യുന്ന രവീന്ദ്രന്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഗാനരചനയില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആദ്യമായിട്ടാണ് താന്‍ പൊതുവേദിയില്‍ പാട്ടുപാടുന്നതെന്ന് രവീന്ദ്രന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
രണ്ടുകുട്ടികളുടെ പിതാവായ രവീന്ദ്രന്‍ തന്റെ ചുറ്റുപാടുകളിലുളളവരുടെ ഹൃദയവേദനയാണ് പാട്ടിലുടെ പങ്കുവെയ്ക്കാന്‍ ശ്രമിച്ചതെന്നും വ്യക്തമാക്കി.