യുഎഇയുടെ സഹായത്തില്‍ അവ്യക്തതയില്ല,സഹായത്തിന്റെ കാര്യം തന്നെ അറിയിച്ചത് യൂസഫലിയെന്നും മുഖ്യമന്ത്രി
By സമകാലികമലയാളം ഡെസ്‌ക് | Published: 24th August 2018 08:06 PM |
Last Updated: 24th August 2018 08:06 PM | A+A A- |

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതത്തെ നേരിടാന്‍ യു.എ.ഇ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ 700 കോടിയുടെ ധനസഹായത്തിന്റെ കാര്യത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരിയുമാണ് ഇക്കാര്യത്തില്‍ സംസാരിച്ചത്. ഇരുകൂട്ടരുമാണ് ഇക്കാര്യം ലോകത്തോട് അറിയിച്ചത്. യുഎഇ ഭരണാധികാരിയെ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കണ്ടപ്പോഴും ധനസഹായം നല്‍കുമെന്ന കാര്യം പറഞ്ഞിരുന്നു. യുഎഇയുടെ ധനസഹായത്തെ കുറിച്ച് തന്നോട് പറഞ്ഞത് യൂസഫലി ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇയുടെ ധനസഹായം കേന്ദ്രം സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഉലച്ച പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഓരോ മലയാളിയും ഇതില്‍ പങ്കാളിയാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരിതത്തെ നേരിടാന്‍ തിരുവോണ ദിവസം പോലും അവധിയെടുക്കാതെയാണ് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ചെറിയ കുട്ടികള്‍ പോലുമെത്തുന്നുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ആളുകളെ തടഞ്ഞുനിറുത്തി നിര്‍ബന്ധിത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ദുരിതാശ്വാസത്തിന്റെ മറവില്‍ ചൂഷണം അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാഹചര്യം മുതലെടുക്കുന്ന സ്വകാര്യ ഇടപാടുകള്‍ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയക്കെടുതി നേരിടുന്നവരുടെ ഭവനവായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 585 രൂപ ലഭിച്ചതായും പിണറായി വിജയന്‍ പറഞ്ഞു.