'ആരെയും കൊന്നിട്ടില്ല, ഞാന്‍ കുറ്റക്കാരിയല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു '; സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പറയുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്
'ആരെയും കൊന്നിട്ടില്ല, ഞാന്‍ കുറ്റക്കാരിയല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു '; സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കണ്ണൂര്‍:പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ 
താന്‍ നിരപരാധിയാണെന്ന് പറയുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്.  'തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല'. ഇങ്ങനെയാണ് സൗമ്യ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചത്. 

മകള്‍ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരെ ആഹാരത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡ് തടവുകാരിയാണ് സൗമ്യ. ഏപ്രില്‍ ഇരുപത്തിനാലിനാണ് സൗമ്യ റിമാന്‍ഡു തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലെത്തിയത്.  

മൃതദേഹം ഏറ്റുവാങ്ങാന്‍ പൊലീസ് ബന്ധുക്കളെ വിളിച്ചെങ്കിലും ആരും വന്നില്ല. ജയിലിലെത്തി പരിശോധന നടത്തിയ പൊലീസ് സൗമ്യയുടെ ഡയറി കണ്ടെടുത്തു. മകളെ അഭിസംബോധന ചെയ്ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്നാണ് സൗമ്യ അവകാശപ്പെടുന്നത്. ജയിലിലെ അന്തേവാസി പട്ടാപകല്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

വഴിവിട്ട ജീവിതത്തിന് മകളും മാതാപിതാക്കളും തടസമായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൂന്ന് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലിലെ പശുക്കളെ നോക്കുന്ന ജോലിയാണ് സൗമ്യയെ ഏല്‍പിച്ചിരുന്നത്. പതിവുപോലെ പുല്ലരിയാന്‍ ജയില്‍ വളപ്പിലേക്ക് പോയ സൗമ്യ കശുമാവിന്‍ കൊമ്പില്‍ സാരി ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. പുല്ലരിയാന്‍ കൊണ്ടുപോയ കത്തി കശുമാവില്‍ കൊത്തിവയ്ക്കുകയും ചെയ്തു. സംഭവം കണ്ട് ഓടിയെത്തിയ ജയില്‍ അധികൃതര്‍ സൗമ്യയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com