ഇന്നുമുതൽ നാലു ദിവസം തുടർച്ചയായി ബാങ്ക് അവധി ; എടിഎമ്മുകളിൽ പണം തീരാൻ സാധ്യത, ബദൽ സംവിധാനവുമായി എസ്ബിഐ

പ്രളയക്കെടുതിക്ക് പിന്നാലെ, എടിഎമ്മുകളിൽ പണം തീരുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന ആശങ്കയിലാണ് ജനം
ഇന്നുമുതൽ നാലു ദിവസം തുടർച്ചയായി ബാങ്ക് അവധി ; എടിഎമ്മുകളിൽ പണം തീരാൻ സാധ്യത, ബദൽ സംവിധാനവുമായി എസ്ബിഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ നാലു ദിവസം തുടർച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടർച്ചായി നാലുദിവസം അവധി വരുന്നത്.  തുടർച്ചയായി അവധി വരുമ്പോൾ എടിഎമ്മുകൾ കാലിയാകുന്നത് പതിവാണ്. പ്രളയക്കെടുതിക്ക് പിന്നാലെ, എടിഎമ്മുകളിൽ പണം തീരുന്നതും ഏറെ ബുദ്ധിമുട്ടിലാക്കിയേക്കുമെന്ന ആശങ്കയിലാണ് ജനം. 

അതേസമയം ആശങ്ക വേണ്ടെന്നും, എടിഎമ്മുകളിൽ ആവശ്യാനുസരണം പണം നിറയ്ക്കാൻ എല്ലാ ബാങ്കുകൾക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിർദേശം നൽകിയതായി സമിതി കൺവീനർ ജി.കെ. മായ അറിയിച്ചു. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾക്കും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് പലയിടത്തും റോഡുകൾ തകർന്നതും, വെള്ളം കയറിക്കിടക്കുന്ന ഉൾപ്രദേശങ്ങളിലും പണം ലഭ്യമാക്കുക പ്രയാസകരമാണ്. പ്രളയത്തിൽ 423 എ.ടി.എമ്മുകളാണ് പ്രവർത്തനരഹിതമായത്. 

എ.ടി.എമ്മുകൾ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ പണം തീരുന്ന സാഹചര്യം ഉണ്ടായാൽ പണമെടുക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പെട്രോൾ പമ്പുകളിലും കടകളിലും എസ്.ബി.ഐ.യുടെ പി.ഒ.എസ്. മെഷീൻ ഉണ്ടെങ്കിൽ അക്കൗണ്ട് ഉടമകൾക്ക് സ്വൈപ്പ് ചെയ്ത് ദിവസം 2000 രൂപവരെ പിൻവലിക്കാം. ഈ പണം കടയുടമകൾ അവർക്ക് നൽകും. ഇതിന് പ്രത്യേക ഫീസ് നൽകേണ്ടതില്ല. 

എ.ടി.എമ്മുകളിൽ പണം ഉറപ്പാക്കുന്നതിനുവേണ്ടി 45 കാഷ് ചെസ്റ്റുകളും 600 ശാഖകളും അവധി ദിവസങ്ങളായ ഇന്നും ഞായറാഴ്ചയും പ്രവർത്തിക്കാനും എസ്.ബി.ഐ. നിർദേശിച്ചിട്ടുണ്ട്. ഈ ശാഖകളിൽ മറ്റ് ഇടപാടുകൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com