ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് 10000 രൂപ, നഷ്ടപ്പെട്ട രേഖകള്‍ക്ക് അദാലത്ത്;ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയ്ക്ക് നടപടി- മുഖ്യമന്ത്രി 

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് 10000 രൂപ, നഷ്ടപ്പെട്ട രേഖകള്‍ക്ക് അദാലത്ത്;ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പയ്ക്ക് നടപടി- മുഖ്യമന്ത്രി 

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പണം നല്‍കുക. ഇതിനോടകം ക്യാമ്പ് വിട്ടുപോയവര്‍ക്കും ഈ സാമ്പത്തിക സഹായം ലഭിക്കും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നതിനുളള നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചുവരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പ് വിട്ടുപോകുന്നവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ നല്‍കാന്‍ നിശ്ചയിച്ചിരുന്നു. ഇത് നടപ്പിലാക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ബാങ്കിന്റെ വിശദാംശങ്ങള്‍ റവന്യൂ അധികൃതരെ അറിയിക്കണം. ക്യാമ്പുകളിലെ അതാത് ചുമതലക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറിയാലും ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാഹനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തും. വ്യവസായ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കും. നഷ്ടപ്പെട്ട രേഖകള്‍ അതാത് സ്ഥലത്ത് തന്നെ ലഭ്യമാക്കുന്നതിനുളള സംവിധാനം ഒരുക്കും. ഇതിനായി അദാലത്ത് സംഘടിപ്പിക്കും. അടുത്ത മാസം ആദ്യമുതല്‍ അദാലത്തുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതി നേരിട്ട വീടുകളില്‍ 31 ശതമാനം വാസയോഗ്യമാക്കി. വീടുകള്‍ വൃത്തിയാക്കുന്ന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം തുടരും. നാശം സംഭവിച്ച വീടുകളുടെയും കടകളുടെയും കണക്ക് എടുക്കാന്‍ ഐടി അധിഷ്ടിത സംവിധാനം ഒരുക്കും. നിലവില്‍ 2287 ദുരിതാശ്വാസ ക്യാമ്പുകളിലായി എട്ടരലക്ഷത്തോളംപ്പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 

സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയത്തില്‍ 7000ത്തോളം വീടുകള്‍ പൂര്‍ണമായി നശിച്ചു. 50000ത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com