പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യ ജയിലില്‍  തൂങ്ങിമരിച്ച നിലയില്‍

പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യ ജയിലില്‍  തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ വനിതാ ജയിലിലാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

കണ്ണൂര്‍ : കോളിളക്കം സൃഷ്ടിച്ച പിണറായിയിലെ കൂട്ട കൊലപാതകങ്ങളിലെ പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ വനിതാ ജയിലിലാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കാമുകനൊപ്പം തന്നിഷ്ടപ്രകാരം ജീവിക്കുന്നതിനായാണ് സൗമ്യ മാതാപിതാക്കളെയും, രണ്ട് പിഞ്ചു മക്കളെയും വിഷം കൊടുത്തു കൊന്നത്. 

പിണറായി വണ്ണത്താന്‍ സൗമ്യയുടെ മാതാപിതാക്കളായ കമല, ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍, സൗമ്യയുടെ പെണ്‍മക്കള്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ദുരൂഹ മരണം ചര്‍ച്ചയായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കിണറിലെ വെള്ളത്തില്‍ നിന്നും വിഷബാധ ഏറ്റായിരുന്നു മരണമെന്നായിരുന്നു തുടക്കത്തില്‍ സൗമ്യ നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും തുടക്കത്തില്‍ വിശ്വസിപ്പിച്ചിരുന്നത്. 

സൗമ്യയുടെ മാതാപിതാക്കളും കുട്ടികളും
സൗമ്യയുടെ മാതാപിതാക്കളും കുട്ടികളും

എന്നാല്‍ ഫൊറന്‍സിക് വിദഗ്ധര്‍ക്ക് തോന്നിയ സംശയമാണ് ദുരൂഹതയുടെ ചുരുള്‍ അഴിയാന്‍ ഇടയാക്കിയത്. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ എലിവിഷം പോലുള്ള സ്ലോ പോയിസണ്‍ അകത്തു ചെന്നാണ് മരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സൗമ്യയെ കണ്ണൂര്‍ ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. കനത്ത സുരക്ഷയുള്ള ജയിലിനുള്ളില്‍ സൗമ്യയ്ക്ക് തൂങ്ങിമരിക്കാന്‍ എങ്ങനെ സാഹചര്യം ലഭിച്ചു എന്ന കാര്യവും അന്വേഷിക്കുകയാണ്. 


അച്ഛന്‍ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), അമ്മ കമല (65), മകള്‍ ഐശ്വര്യ കിഷോര്‍(8) എന്നിവര്‍ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 24 നാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്നു പേരുടെയും മരണകാരണവും രോഗലക്ഷണവും സമാനമായിരുന്നു. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്‌ഫൈഡ് ശരീരത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. 

സംശയമുണ്ടാകാതിരിക്കാന്‍ ഓരോരുത്തരെയും ഓരോ ആശുപത്രികളിലാണ് കൊണ്ടുപോയത്. ദുരൂഹമരണത്തില്‍ സംശയം തന്റെ മേല്‍ പതിക്കാതിരിക്കാനായി ഛര്‍ദി ആണെന്ന് പറഞ്ഞ് സൗമ്യയും ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ തുടര്‍ച്ചയായ ദുരൂഹമരണം നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തെളിവുകള്‍ ശേഖരിച്ച പൊലീസ് സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തടസ്സമായതിനാലാണ് പ്രതി അച്ഛനമ്മമാരെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന്  റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. വിഷം നല്‍കാന്‍ ഉപയോഗിച്ച പാത്രങ്ങളും കവര്‍ കത്തിച്ച ചാരവും പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com