മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കണം ; 139 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി 

ആഗസ്റ്റ് 31 വരെ ജലനിരപ്പ് 139 അടിയായി ക്രമപ്പെടുത്താനാണ് കോടതി ഉത്തരവിട്ടത്
മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കണം ; 139 അടിയില്‍ നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി. മനുഷ്യ ജീവനാണ് വില കല്‍പ്പിക്കുന്നത്. സുപ്രീംകോടതി മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും നടപ്പാക്കാനും കോടതി കേരളത്തിനും തമിഴ്‌നാടിനും നിർദേശം നൽകി. ആഗസ്റ്റ് 31 വരെ ജലനിരപ്പ് 139 അടിയായി ക്രമപ്പെടുത്താനാണ് കോടതി ഉത്തരവിട്ടത്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരത്തെ നിശ്ചയിച്ചതില്‍ നിന്നും രണ്ടോ, മൂന്നോ അടിയായി കുറയ്ക്കാന്‍ തീരുമാനം എടുത്തിരുന്നതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മേല്‍നോട്ട സമിതിയും ജലനിരപ്പ് 139 അടിയായി കുറക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ജലനിരപ്പ് 139 അടിയാക്കാന്‍ കോടതി ഉത്തരവിട്ടത്. 

അതേസമയം അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ് 139.9 ആണ്. ഈ അളവില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. എന്നാല്‍ തമിഴ്‌നാടിന്റെ ആവശ്യം കോടതി തള്ളി. ജലനിരപ്പ് 139 അടിയാക്കണം എന്ന മേല്‍നോട്ട സമിതി തീരുമാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്, ഈ സാഹചര്യം മറയാക്കി മറികടക്കാനാണ് കേരളം ശ്രമിക്കുന്നതെന്നും തമിഴ്‌നാട് ആരോപിച്ചു. 

എന്നാല്‍ വിഷയം കേരളവും തമിഴ്‌നാടുമായുള്ള തര്‍ക്കമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. മേല്‍നോട്ട സമിതി തീരുമാനം രണ്ട് സംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും, കേരളവും തമിഴ്‌നാടും യോജിച്ച് പോകാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് സെപ്തംബര്‍ ആറിലേക്ക് മാറ്റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com