സൗമ്യയ്ക്കു ജയിലില്‍ പശുക്കളെ നോക്കുന്ന ജോലി; തൂങ്ങിയത് പുല്ലരിയാന്‍ പോയപ്പോള്‍ ജയില്‍ വളപ്പിലെ കശുമാവില്‍

സൗമ്യയ്ക്കു ജയിലില്‍ പശുക്കളെ നോക്കുന്ന ജോലി; തൂങ്ങിയത് പുല്ലരിയാന്‍ പോയപ്പോള്‍ ജയില്‍ വളപ്പിലെ കശുമാവില്‍
സൗമ്യയ്ക്കു ജയിലില്‍ പശുക്കളെ നോക്കുന്ന ജോലി; തൂങ്ങിയത് പുല്ലരിയാന്‍ പോയപ്പോള്‍ ജയില്‍ വളപ്പിലെ കശുമാവില്‍

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ചത് ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയപ്പോള്‍. ജയില്‍ വളപ്പിലെ കശുമാവിന്‍ കൊമ്പില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ സൗമ്യയെ കണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.  

കണ്ണൂര്‍ വനിതാ ജയിലില്‍ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയായിരുന്നു സൗമ്യക്ക്. രാവിലെ ജയില്‍ വളപ്പില്‍ പുല്ലരിയാന്‍ പോയ സമയത്താണ് സൗമ്യ സാരിയില്‍ കശുമാവില്‍ തൂങ്ങിമരിച്ചതെന്നാണ്  അധികതര്‍ പറയുന്നത്. പിണറായി കൂട്ടക്കൊലക്കേസിലെ ഏകപ്രതിയാണ് സൗമ്യ. 

രാവിലെ ഒന്‍പതരയോടെയാണ് സൗമ്യയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അച്ഛന്‍ വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍(76), അമ്മ കമല (65), മകള്‍ ഐശ്വര്യ കിഷോര്‍(8) എന്നിവര്‍ക്ക്ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ഏപ്രില്‍ 24 നാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തത്. മൂന്നു പേരുടെയും മരണകാരണവും രോഗലക്ഷണവും സമാനമായിരുന്നു. കോഴിക്കോട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്‌ഫൈഡ് ശരീരത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരുന്നു.

സംശയമുണ്ടാകാതിരിക്കാന്‍ ഓരോരുത്തരെയും ഓരോ ആശുപത്രികളിലാണ് കൊണ്ടുപോയത്. ദുരൂഹമരണത്തില്‍ സംശയം തന്റെ മേല്‍ പതിക്കാതിരിക്കാനായി ഛര്‍ദി ആണെന്ന് പറഞ്ഞ് സൗമ്യയും ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ തുടര്‍ച്ചയായ ദുരൂഹമരണം നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തെളിവുകള്‍ ശേഖരിച്ച പൊലീസ് സൗമ്യയെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു തന്നിഷ്ടപ്രകാരം ജീവിക്കാന്‍ തടസ്സമായതിനാലാണ് പ്രതി അച്ഛനമ്മമാരെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി. വിഷം നല്‍കാന്‍ ഉപയോഗിച്ച പാത്രങ്ങളും കവര്‍ കത്തിച്ച ചാരവും പെട്ടിയും പൊലീസ് കണ്ടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com