ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണം; കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി 

ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി
ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണം; കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: ആഗസ്റ്റ് 29ന് സ്‌കൂള്‍ തുറക്കുന്നതുകൊണ്ട് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേയ്ക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി. ഇതിന് ആവശ്യമാണെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കണം. പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് അതത് ജില്ലാ കലക്ടര്‍മാര്‍ പരിശോധിക്കണം. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്‌കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണമെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞു. 

ആഗസ്റ്റ് എട്ടുമുതല്‍ ആഗസ്റ്റ് 26 വരെ 302 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അവലോകന യോഗം വിശദീകരിച്ചു. ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456 പേരാണ് ക്യാമ്പുകളിലുള്ളത്. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും സജീവമായി നടക്കുന്നുണ്ട്.

 ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ സ്‌റ്റോക്കുണ്ട്. 

മൃഗങ്ങളുടെ ശവശരീരം മറവുചെയ്യുന്നത് എല്ലായിടത്തും നല്ലരീതിയില്‍ നടക്കുന്നുണ്ട്. ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com