പെണ്‍കുട്ടികള്‍ നിക്കാഹ് കഴിയുന്നതുവരെ പുറത്തുപോകരുത്: വത്തക്ക പരാമര്‍ശത്തിന് ശേഷം വീണ്ടും വിവാദത്തിന് തിരി കൊളുത്തി അധ്യാപകന്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 26th August 2018 05:43 PM  |  

Last Updated: 26th August 2018 05:43 PM  |   A+A-   |  

 

മലപ്പുറം: സ്ത്രീകളെ ഏറെ മോശമായ രീതിയില്‍ ചിത്രീകരിച്ച് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന അധ്യാപകനാണ് ഫറൂഖ് ട്രെയിനിംഗ് കോളേജിലെ ജവഹര്‍. അധ്യാപകന്റെ വത്തക്ക പ്രയോഗം കേരളത്തില്‍ ചെറിയ വിമര്‍ശനങ്ങള്‍ ഒന്നുമല്ല ഉണ്ടാക്കിയത്. സമൂഹത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടും ജവഹര്‍ ഇപ്പോഴും സമാനമായ പ്രസംഗങ്ങളുമായി മുന്നോട്ട് പോകുകയാണ്.

മുസ്ലിം പെണ്‍കുട്ടികളെ നിക്കാഹ് കഴിയുന്നതുവരെ വേലിക്കുള്ളില്‍ നിര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ജവഹര്‍ പ്രസംഗിച്ച് പഠിപ്പിച്ചത്. ബാലിശമായ നിരവധി ഉദാഹരണങ്ങളടക്കമുള്ളതായിരുന്നു ജവഹറിന്റെ ഉദ്‌ബോധനം. കല്യാണം കഴിയുന്നതുവരെ പെണ്‍കുട്ടികളെ വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തണം. പുതിയാപ്ലയ്‌ക്കൊപ്പമാണ് മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകേണ്ടത്. നിക്കാവ് വരെ പെണ്‍കുട്ടികളെ തുറന്ന് വിടരുതെന്ന് മാതാപിതാക്കളെയും ജവഹര്‍ പഠിപ്പിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് അധ്യാപകനെതിരെ ഉയരുന്നത്. വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പെണ്‍കുട്ടികള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.