ചെലവുചുരുക്കേണ്ട സമയത്ത് 20-ാം മന്ത്രിയെ നിയമിച്ചത് എന്തിന്?;ചീഫ് വിപ്പ് പദവിയെയും ചോദ്യം ചെയ്ത് ചെന്നിത്തല 

പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുന്ന പശ്ചാത്തലത്തില്‍ ചെലവുചുരുക്കലിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ചെലവുചുരുക്കേണ്ട സമയത്ത് 20-ാം മന്ത്രിയെ നിയമിച്ചത് എന്തിന്?;ചീഫ് വിപ്പ് പദവിയെയും ചോദ്യം ചെയ്ത് ചെന്നിത്തല 

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനം വലയുന്ന പശ്ചാത്തലത്തില്‍ ചെലവുചുരുക്കലിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരന്തരം ചെലവുചുരുക്കാന്‍ ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ സ്വയം ഇതിന് തയ്യാറാകണം. പ്രളയക്കെടുതിയില്‍ ജനം വലയുമ്പോള്‍ 20-ാം മന്ത്രിയെ നിയമിച്ചത് എന്തിന് എന്ന ചോദ്യം ഉയരുകയാണ്. എപ്പോഴും വിപ്ലവം പറയുന്ന സിപിഐ ചീഫ് വിപ്പിനെ നിയമിക്കാനുളള ആലോചനകളുമായി മുന്നോട്ടുപോകുന്നതും ചോദ്യം ചെയ്യപ്പെടുകയാണ്. സംസ്ഥാനം സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ വന്‍തോതിലുളള പരസ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന തുക കുറയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ധനസഹായം അര്‍ഹര്‍ക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ട്രിബ്യൂണലിന് രൂപം നല്‍കണം. ആറുമാസത്തിനകം പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തില്‍ അകപ്പെട്ടവരെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 104.24 കോടി രൂപയാണ് ഒഴുകി എത്തിയത്. എന്നാല്‍ ചെലവഴിച്ചത് കേവലം 25 കോടി രൂപ മാത്രമാണ്. ബാക്കി വകമാറ്റി ചെലവഴിച്ചുവോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നല്‍കുമെന്ന് വാഗ്ദാനം ചെയ്ത ജീവനോപാധിയും മറ്റും ഇതുവരെ പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ട്രിബ്യൂണലിന്റെ സേവനം പ്രയോജനപ്പെടുത്തണം. പ്രളയക്കെടുതിയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്ക പുറമേ പ്രത്യേക അക്കൗണ്ടിന് രൂപം നല്‍കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

നിലവില്‍ മുഖ്യമന്ത്രി എല്ലാ ദിവസവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് വാര്‍ത്താസമ്മേളനം നടത്തുന്നതല്ലാതെ, ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അടിയന്തരമായി ജനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം 10000 രൂപയില്‍ നിന്നും 25000 രൂപയായി ഉയര്‍ത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 

കേരളത്തില്‍ സംഭവിച്ചത് ഒരു ഡാം ദുരന്തമാണ്. ഒരേ സമയം നിരവധി ഡാമുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ തുറന്നുവിട്ടതാണ് ഇതിന് കാരണം. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com