നിങ്ങള്‍ സഹായിച്ചില്ലായിരുന്നു എങ്കില്‍ ദുരന്തം ഭയാനകമായേനെ, മറക്കില്ല കേരളം; സേനാ വിഭാഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2018 06:51 AM  |  

Last Updated: 27th August 2018 06:51 AM  |   A+A-   |  

pinarayif

തിരുവനന്തപുരം: സേനാവിഭാഗങ്ങളുടെ മനശക്തി പ്രളയ തിരകള്‍ക്കും മേലെയായിരുന്നു. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാവങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്ര സേനാ വിഭാഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 

അര്‍പ്പണ ബോധത്തോടെ സമയോചിതമായി നിങ്ങള്‍ സര്‍ക്കാരിനൊപ്പം സഹായിച്ചില്ലായിരുന്നു എങ്കില്‍ ദുരന്തം ഭയാനകമായേനെ. സ്വന്തം ജീവന്‍ പോലും തൃണവല്‍കരിച്ചാണ് അനേകരെ നിങ്ങള്‍ രക്ഷിച്ചത്. സേനാ വിഭാഗങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും കേരളം നന്ദിയോടും ആദരവോടും കൂടി സ്മരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ ആദരമായി വിവിധ സേനാ വിഭാഗങ്ങള്‍ക്ക് പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. അപൂര്‍വമായ ആദരവാണ് സേനാവിഭാഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നായിരുന്നു എല്ലാ സേനവിഭാഗങ്ങള്‍ക്ക് വേണ്ടിയും മറുപടി പറഞ്ഞ വ്യോമസേന എയര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് എയര്‍ മാര്‍ഷല്‍ ബി. സുരേഷ് പറഞ്ഞത്.