പഠിക്കാന്‍ പോയ കുഞ്ഞുങ്ങള്‍ പ്രളയത്തില്‍ കുടുങ്ങി: രക്ഷിക്കാനായി ഊരുകൂട്ടം കാട്ടിലൂടെ നടന്ന് 100 കിലോമീറ്റര്‍

മലക്കപ്പാറ പെരുമ്പാറ ഗിരിജന്‍ കോളനിയിലെ കാടര്‍ വംശജരാണ് അങ്ങോട്ടുമിങ്ങോട്ടുമായി നൂറു കിലോമീറ്ററില്‍ അധികം യാത്ര ചെയ്തത്
പഠിക്കാന്‍ പോയ കുഞ്ഞുങ്ങള്‍ പ്രളയത്തില്‍ കുടുങ്ങി: രക്ഷിക്കാനായി ഊരുകൂട്ടം കാട്ടിലൂടെ നടന്ന് 100 കിലോമീറ്റര്‍


തൃശൂര്‍; പ്രളയജലത്തില്‍ അകപ്പെട്ട തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ 100 കിലോമീറ്ററില്‍ അധികം കാട്ടിലൂടെ നടന്ന് മലക്കപ്പാറയിലെ ആദിവാസികള്‍. ചാലക്കുടിയില്‍ പഠിക്കുന്ന മക്കളെ രക്ഷിക്കാനായാണ് ഇവര്‍ സാഹസിക യാത്ര നടത്തിയത്. അതിരപ്പിള്ളി മുതല്‍ മലക്കപ്പാറ വരെയുള്ള 53 കിലോമീറ്ററാണ് കുഞ്ഞുങ്ങള്‍ക്കായി ഇവര്‍ താണ്ടിയത്. മലക്കപ്പാറ പെരുമ്പാറ ഗിരിജന്‍ കോളനിയിലെ കാടര്‍ വംശജരാണ് അങ്ങോട്ടുമിങ്ങോട്ടുമായി നൂറു കിലോമീറ്ററില്‍ അധികം യാത്ര ചെയ്തത്. 

ചാലക്കുടി നായരങ്ങാടിയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസുവരെ പഠിക്കുന്ന ഊരിലെ കുട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാന്‍ വേണ്ടിയായിരുന്നു യാത്ര. അണക്കെട്ട് തുറന്നു വിട്ടതിന് പിന്നാലെ ചാലക്കുടി വെള്ളത്തിലായതോടെ ഊരുകൂട്ടം ആശങ്കയിലായി. അതുകൂടാതെ പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞുകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയത് അറിഞ്ഞതോടെ എങ്ങനെയും കുട്ടികളെ നാട്ടിലെത്തിക്കാനുള്ള ചിന്തയിലായി ഇവര്‍. അധികം വൈകാതെ ആവശ്യമുള്ള സാധനങ്ങളുമെടുത്ത് ഊരുമൂപ്പന്‍ മയിലാമണിയുടെ നേതൃത്വത്തില്‍ പുരുഷന്‍മാരും സ്ത്രീകളും അടങ്ങിയ പതിനൊന്നംഗസംഘം യാത്ര ആരംഭിച്ചു. 

17 ാം തിയതി രാവിലെയാണ് ഇവരുടെ യാത്ര ആരംഭിച്ചത്. അതിരപ്പിള്ളിമലക്കപ്പാറ റോഡില്‍ പലയിടത്തും ഉരുള്‍പൊട്ടി തകര്‍ന്നതിനാല്‍ കാട്ടുവഴികളായിരുന്നു ഇവര്‍ക്ക് ആശ്രയം. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളും കാട്ടില്‍ കൂടാരം കെട്ടേണ്ടിവന്നാല്‍ അതിനു വേണ്ടതൊക്കെയും അവര്‍ കരുതിയിരുന്നു. ആദ്യ ദിവസത്തെ യാത്ര അനക്കയത്തുള്ള വനംവകുപ്പിന്റെ ക്യാമ്പിലാണ് അവസാനിച്ചത്. രാത്രി ഇവിടെ തങ്ങിയ ശേഷം വീണ്ടും നടപ്പ് തുടര്‍ന്നു. 

വാച്ചുമരമെത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷ കിട്ടി. അതില്‍ പൊകലപ്പാറവരെയെത്തി. അവിടെനിന്ന് ജീപ്പ് പിടിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ ജില്ലയിലെ സ്വകാര്യ വ്യക്തികള്‍ക്ക് ഇന്ധനം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയതിനാല്‍ മിക്ക ജീപ്പുകാരും വരാന്‍ തയ്യാറായില്ല. അവസാനം ഒരു ജീപ്പുകാരന്‍ ഇവര്‍ക്കൊപ്പം വരാന്‍ തയാറായി. സ്‌കൂളില്‍ എത്തി കുട്ടികളുമായി മടങ്ങിവരുമ്പോഴേക്കും പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞു കവിഞ്ഞ് ആനക്കയം പാലത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരുന്നു. 

ജീപ്പ് പാലം കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് തെന്നിമാറിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു. ആനക്കയത്ത് നിന്ന് വീണ്ടും ഇവര്‍ നടക്കാന്‍ ആരംഭിച്ചു. വാഴച്ചാലില്‍ വെച്ച് കുട്ടികളേ കുട്ടികളെ കൂട്ടി സംഘത്തിലെ ആദ്യയാള്‍ പാലം കടന്നതും വെള്ളം വന്ന് പാലം മൂടിപ്പോയി. ഏറെനേരം കാത്തിരുന്ന് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞപ്പോഴാണ് പിന്നാലെ വന്നവര്‍ക്ക് പാലം കടക്കാനായത്. കാട്ടിലൂടെയുള്ള നടപ്പില്‍ കുട്ടികള്‍ ക്ഷീണിച്ച് അവശരായതോടെ പിന്നീടുള്ള യാത്ര ഇവരേയും തോളിലേറ്റിയായിരുന്നു. 20 ന് രാത്രി ഏഴരയോടെയാണ് ഊരുകൂട്ടത്തിന്റെ സാഹസിക യാത്ര അവസാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com