പ്രളയക്കെടുതിയില്‍ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; മണ്ണെണ്ണയ്ക്കും സബ്‌സിഡിയില്ല,ലിറ്ററിന് 70 രൂപ

സബ്‌സിഡിയില്ലാത്ത 12000 കിലോലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്.
പ്രളയക്കെടുതിയില്‍ വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി; മണ്ണെണ്ണയ്ക്കും സബ്‌സിഡിയില്ല,ലിറ്ററിന് 70 രൂപ

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി. അരിയ്ക്ക് പിന്നാലെ മണ്ണെണ്ണയും സബ്‌സിഡിയില്ലാതെയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. പ്രളയക്കെടുതിയില്‍ താറുമാറായ നിരവധി വീടുകളില്‍ ഇപ്പോഴും വൈദ്യൂതി ബന്ധം പുന: സ്ഥാപിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ വില നല്‍കി മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. സംസ്ഥാനത്തിന്റെ സ്ഥിതിഗതി കണക്കിലെടുത്ത് സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. 

സബ്‌സിഡിയില്ലാത്ത 12000 കിലോലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്. ലിറ്ററിന് 70 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമായിരിക്കുന്ന പശ്ചാത്തലത്തില്‍ 84 കോടി രൂപ ഇതിനായി കേരളം കണ്ടെത്തേണ്ടി വരും. 

സബ്‌സിഡി നിരക്കില്‍ അനുവദിച്ചാല്‍ ലിറ്ററിന് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ കഴിയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയാത്ത സാഹചര്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവിലെ സ്ഥിതിഗതി മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചു. സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ അനുവദിക്കണമെന്ന്  ഭക്ഷ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

നേരത്തെ അരിയുടെ കാര്യത്തിലും കേന്ദ്ര അവഗണനയ്‌ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. സബ്‌സിഡി നിരക്കില്‍ അരി അനുവദിച്ചില്ല എന്നതായിരുന്നു ആക്ഷേപങ്ങളുടെ കാതല്‍. എന്നാല്‍ ഇത് വ്യാജപ്രചാരണം മാത്രമാണ് എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തുകയും സബ്‌സിഡി നിരക്കില്‍ അരി അനുവദിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. സമാനമായ നിലയില്‍ മണ്ണെണ്ണയ്ക്കും സബ്സിഡി അനുവദിക്കുമെന്നാണ് സംസ്ഥാന സര്‍്ക്കാര്‍ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com