കുട്ടനാട്ടില്‍ മഹാശുചീകരണം; അണിനിരന്ന് 60000 പ്രവര്‍ത്തകര്‍, 1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കും

സംസ്ഥാനം കണ്ട ഏറ്റവും വലിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അറുപതിനായിരത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് പങ്കാളികളാവുന്നത്
കുട്ടനാട്ടില്‍ മഹാശുചീകരണം; അണിനിരന്ന് 60000 പ്രവര്‍ത്തകര്‍, 1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കും

ആലപ്പുഴ: പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി. സംസ്ഥാനം കണ്ട ഏറ്റവും വലിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അറുപതിനായിരത്തിലധികം വരുന്ന പ്രവര്‍ത്തകരാണ് പങ്കാളികളാവുന്നത്. കുട്ടനാട്ടില്‍ നിന്ന് പലായനം ചെയ്ത 1.5 ലക്ഷത്തോളം ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കാനുളള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കൈനകരിയില്‍ കര്‍ഷകത്തൊഴിലാളിയുടെ വീട് ശുചീകരിച്ചുകൊണ്ട് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. ജില്ലക്ക് പുറമെ നിന്നും നിരവധി പ്രവര്‍ത്തകര്‍ ശുചീകരണത്തിനായി എത്തിയിട്ടുണ്ട്. ഇവര്‍ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ശുചീകരണത്തില്‍ പങ്കാളികളാവും

16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളില്‍ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കര്‍മപദ്ധതി പൂര്‍ത്തിയായി. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ മടങ്ങാന്‍ അനുവദിക്കും.അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികള്‍ അടിയന്തരമായി നടക്കുകയാണ്. 30 ശക്തിയേറിയ പമ്പുകള്‍ കൂടി മഹാരാഷ്ട്രാ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിക്കുന്നുണ്ട്.

കുട്ടനാടിന്റെ ശുചീകരണത്തിന് 60000 പേരെയാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടില്‍നിന്ന് ഒരുഅംഗമാകുമ്പോള്‍ തന്നെ 50000 പേര്‍ വരും. കൂടാതെ 5000 പേരെ ജില്ലയുടെ അകത്തുനിന്നും 5000 പേരെ പുറത്തുനിന്നും സന്നദ്ധസേവനത്തിന് ലഭ്യമാക്കും.

ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെനിന്ന് റോഡ് മാര്‍ഗം അല്ലെങ്കില്‍ ബോട്ട് മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കുക എന്നതാണ് പദ്ധതി. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കും. സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്കും ക്യാമ്പില്‍നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം ഏര്‍പ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com