കെവിന്‍ വധക്കേസ്; മുഖ്യപ്രതി ഷാനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം 

കെവിന്‍ വധക്കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം ചുമത്തി
കെവിന്‍ വധക്കേസ്; മുഖ്യപ്രതി ഷാനുവിന്റെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം 

കോട്ടയം: കെവിന്‍ വധക്കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോയുടെ പിതാവ് ചാക്കോയ്‌ക്കെതിരെയും കൊലക്കുറ്റം ചുമത്തി. ചാക്കോയുമായി ഷാനു നടത്തിയ ഗൂഢാലോചന കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചാക്കോയ്‌ക്കെതിരെ ഗൂഢാലോചനാക്കുറ്റം മാത്രമായിരുന്നു പൊലീസ് ചുമത്തിയിരുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ ചാക്കോ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശപ്രകാരം കുറ്റപത്രത്തില്‍ കൊലക്കുറ്റവും ചുമത്തുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. 

ഗാന്ധിനഗര്‍ മുന്‍ എസ്.ഐ എം.എസ്.ഷിബു, എ.എസ്.ഐ സണ്ണിമോന്‍, പട്രോളിങിനിടെ ഷാനുവില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ എ.എസ്.ഐ ബിജുമോന്‍, െ്രെഡവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സഹോദരി നീനുവുമായുള്ള പ്രണയമാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിനോട് ഷാനുവിന് ശത്രുതയുണ്ടാകാന്‍ കാരണം. കെവിനെയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് നീനുവിനെ വിട്ടുകിട്ടുന്നതിനായി വില പേശുകയായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൊലപാതകക്കുറ്റത്തിന് പുറമേ ഈ കുറ്റവും വധ ശിക്ഷ ലഭിക്കുന്ന വകുപ്പാണ്. വീട്ടിലേക്ക് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, വീടിന് നാശനഷ്ടം വരുത്തല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളും ഷാനു ഉള്‍പ്പടെയുള്ള മറ്റ് 13 പേര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങി മരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെ പുഴയിലേക്ക് ഓടിച്ച് കൊണ്ടുപോയതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com