പ്രളയ ബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തും; സഹായധനം ലഭ്യമാക്കുന്നത് ഇങ്ങനെ

വീടുകളിലെ നഷ്ടക്കണക്ക് ശേഖരിക്കുന്നതിനായാണ് ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുക
പ്രളയ ബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തും; സഹായധനം ലഭ്യമാക്കുന്നത് ഇങ്ങനെ

കൊച്ചി; പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേഗത്തില്‍ അടിയന്തിര സഹായം എത്തിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എന്നാല്‍ സഹായം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തില്‍ പലര്‍ക്കും ധാരണയില്ല. ഇതിനായി അപേക്ഷ സമര്‍പ്പിക്കണ്ടതുണ്ടോ? അതോ ക്യാമ്പില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സഹായം ലഭിക്കുമോ? ഇനി ഇതോര്‍ത്ത് ആരും തലപുകയ്‌ക്കേണ്ട. സഹായധനം ലഭിക്കാന്‍ ഓഫീസുകള്‍ തോറും കേറിയിറങ്ങേണ്ടതായി വരില്ല.  ദുരിത ബാധിതരുടെ വിവരങ്ങള്‍ അന്വേഷിക്കാനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) നിങ്ങളുടെ വീടുകളിലേക്ക് എത്തും. 

ഓരോ വീടുകളിലും എത്തി ബിഎല്‍ഒമാര്‍ അവശ്യവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമായിരിക്കും ധനസഹായം ലഭ്യമാക്കുക. വാര്‍ഡ് അംഗമോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ പട്ടിക തയാറാക്കുക. എറണാകുളം ജില്ലയില്‍ ഇതിനായി എഴുന്നൂറിലേറെ ബിഎല്‍ഒമാര്‍ വിവരശേഖരണം ആരംഭിച്ചതായി കലക്റ്റര്‍ മുഹമ്മദ് സഫിറുള്ള അറിയിച്ചു. 

പ്രളയം വിതച്ച പത്തനംതിട്ട ജില്ലയിലും സഹായധനം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും സ്ഥലങ്ങളിലും കഴിഞ്ഞവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രത്യേക ലിസ്റ്റാക്കി തയാറാക്കണമെന്നാണ് പത്തനംതിട്ട ജില്ല കലക്റ്റര്‍ പി.ബി നൂഹ് ഉത്തരവിട്ടിരിക്കുന്നത്. പേര്, മേല്‍വിലാസം, വയസ്, ആണ്/പെണ്ണ്, കുട്ടികള്‍, കുടുംബനാഥയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് സഹിതം, ആധാര്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ വിവരങ്ങള്‍ ഇതിലുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരുടേയും മറ്റ് സ്ഥലങ്ങളില്‍ അഭയം തേടിയവരും പട്ടികയിലുണ്ടാകും. ഓരോ അപേക്ഷയും പ്രത്യേക ഫയലായി സൂക്ഷിക്കാനും കലക്റ്റര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

വീടുകളിലെ നഷ്ടക്കണക്ക് ശേഖരിക്കുന്നതിനായാണ് ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുക. വില്ലേജ് ഓഫീസുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്വീകരിച്ച അപേക്ഷകളും ബില്‍ഓമാര്‍ മാര്‍ഗരേഖയായി സൂക്ഷിക്കും. രണ്ട് ദിവസം വീടുകളില്‍ വെള്ളം കെട്ടിനിന്ന വീടുകളുടെ ഉടമസ്ഥര്‍ക്കാണ് സഹായം നല്‍കുക. പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കും. 

ഓരോ വാര്‍ഡിലേയും ജനപ്രതിനിധിയ്ക്കും ബന്ധപ്പെട്ട റവന്യു ഉദ്യോഗസ്ഥര്‍ക്കും ഒപ്പമായിരിക്കും ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ഇതിനായി ഇവര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കി. 

എന്നാല്‍ സഹായം ലഭ്യമാക്കുമെന്ന് വാഗ്ധാനം നല്‍കിക്കൊണ്ട് ഒരുവിഭാഗം ദുരിതബാധിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അപേക്ഷ ഫോമുകളുമായി എത്തുന്ന ഇവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെയുള്ളത് ശേഖരിക്കുന്നുണ്ട്. പണം തട്ടിയെടുക്കാന്‍ വേണ്ടിയാണോ ഇത് ചെയ്യുന്നതെന്നാണ്  സംശയം. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും ഈ സംഘത്തിനൊപ്പമുണ്ട്. തങ്ങളുടെ ശ്രമഫലമായാണ് സര്‍ക്കാര്‍ ധനസഹായം എത്തുന്നത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്നും സംശയിക്കുന്നുണ്ട്. 

എന്നാല്‍ ഇത്തരത്തില്‍ വരുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബിഎല്‍ഒമാര്‍ക്ക് വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്നും അവര്‍ പറഞ്ഞു. ഇത്തരം സ്വകാര്യ വ്യക്തികളേയോ സംഘടനകളേയോ വിവരങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com