കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് വീണ്ടും വിമാനമിറങ്ങും

പ്രളയക്കെടുതിക്ക് പിന്നാലെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി
കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് വീണ്ടും വിമാനമിറങ്ങും

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനസജ്ജമായി. ഇന്‍ഡിഗോയുടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനമാകും ഇന്ന് ആദ്യമിറങ്ങുക. 32 വിമാനങ്ങള്‍ ഇന്ന് വന്നുപോകുമെന്ന് സിയാല്‍ വ്യക്തമാക്കി

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ജെറ്റ് എയര്‍വേഴ്‌സിന്റെയും മസ്‌കത്തില്‍ നിന്നുള്ള വിമാനങ്ങളും ഇന്‍ഡിഗോയുടെ ദോഹ, ജറ്റ് എയര്‍വേഴ്‌സിന്റെ ദുബായ്, ഗോ എയറിന്റെ ഷാര്‍ജ തുടങ്ങിയ വിമാനങ്ങളുമെത്തുന്നുണ്ട്. ബാക്കിയുള്ളവ ആഭ്യന്തര സര്‍വീസുകളാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചു

ആയിരത്തിലേറേപ്പേര്‍ എട്ടുദിവസവും 24 മണിക്കൂറും ജോലി ചെയ്തതാണ് വിമാനത്താവളം പുനരാരംഭിക്കുന്ന നിലയിയില്‍ ആക്കിയത്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ 15നാണ് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ രണ്ടരകിലോമീറ്റര്‍ തകര്‍ന്നു. പാര്‍ക്കിങ് ബേ, ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. റണ്‍വെയില്‍ ചളി അടിഞ്ഞുകൂടി.ഏതാണ്ട് മൂന്നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായാതായാണ് കണക്ക്.

തകര്‍ന്ന മതില്‍ താത്കാലികമായി പുനര്‍നിര്‍മ്മിച്ചു. കേടുപറ്റിയ നാലു കണ്‍വെയര്‍ ബെല്‍റ്റുകള്‍, 22 എക്‌സറേ മെഷീനുകള്‍, വൈദ്യുതി വിതരണസംവിധാനം, ജനറേറ്ററുകള്‍, റണ്‍വെ ലൈനുകള്‍ എല്ലാം പൂര്‍വസ്ഥിതിയിലാക്കി. തകര്‍ന്ന സൗരോര്‍ജ്ജ പ്ലാന്റുകളില്‍ പകുതിയോളം പ്രവര്‍ത്തനക്ഷമമാക്കി. വീണ്ടും വിമാനമിറങ്ങുന്നതോടെ നാവിക വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് ഇന്ന് വിരാമമാകും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com