നോട്ട് നിരോധനം; പിന്തുണച്ചത് തുടക്കത്തിൽ മാത്രം; മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ

നോട്ട് നിരോധനത്തെ പിന്തുണച്ച് വി.ടി ബൽറാം എ.എൽ.എ മുൻപ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൻ രീതിയിൽ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി ആദ്ദേഹം രംഗത്തെത്തി
നോട്ട് നിരോധനം; പിന്തുണച്ചത് തുടക്കത്തിൽ മാത്രം; മറുപടിയുമായി വി.ടി ബൽറാം എം.എൽ.എ

തിരുവനന്തപുരം: നോട്ട് നിരോധനത്തെ പിന്തുണച്ച് വി.ടി ബൽറാം എ.എൽ.എ മുൻപ് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൻ രീതിയിൽ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി ആദ്ദേഹം രംഗത്തെത്തി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിരോധിച്ച 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബൽറാമിന്റെ പഴയ പോസ്റ്റ് വീണ്ടും പ്രചരിച്ചത്.

നോട്ട് നിരോധനത്തേക്കുറിച്ചുള്ള തന്റെ ആദ്യ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ടുകളിട്ട് സൈബർ സഖാക്കളുടെ പതിവ് തെറിവിളി അരങ്ങ് തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബൽറാം കുറിപ്പ് ആരംഭിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ നിർണ്ണായക സമയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്ദേശ ശുദ്ധിയോടെയായിരിക്കും എന്ന അനുമാനത്തിലാണ് അന്ന് പിന്തുണച്ചത്. പൗരന്മാർ സാധാരണ ഗതിയിൽ ചെയ്യുക അങ്ങനെയാണെന്നും ആദ്യ അനുമാനങ്ങൾ തെറ്റെന്ന് ബോധ്യപ്പെട്ടാൽ ദുരഭിമാനം കൂടാതെ തിരുത്തുക എന്നതും പൗരന്റെ ഉത്തരവാദിത്വമാണെന്നും ബൽറാം പറയുന്നു. 

പോസ്റ്റിന്റെ പൂർണ രൂപം

നോട്ട് നിരോധനത്തേക്കുറിച്ചുള്ള എന്റെ ആദ്യ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ടുകളിട്ടാണ് ഇപ്പോൾ സൈബർ സഖാക്കളുടെ പതിവ് തെറിവിളി അരങ്ങ് തകർക്കുന്നത്. നോട്ട്‌ നിരോധന പ്രഖ്യാപനം വന്ന ആദ്യ മണിക്കൂറുകളിലെ പ്രതികരണമായിരുന്നു എന്റേത്‌. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥ് അടക്കമുള്ള ഒരുപാട് വിദഗ്ദർ ആദ്യ ദിവസങ്ങളിൽ നിരോധനത്തെ സ്വാഗതം ചെയ്തവരാണ്.

എന്നാൽ പിറ്റേ ദിവസം, അതായത് നവംബർ 9 ന്, കേരള നിയമസഭയിൽ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് ചട്ടം 300 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിന്റെ ആദ്യ ഭാഗമാണിത്‌. നോട്ട്‌ നിരോധനത്തെ തുടക്കം മുതൽ എതിർത്ത വ്യക്‌തിയായിട്ടാണ്‌ ഡോ. തോമസ്‌ ഐസക്ക്‌ ഗണിക്കപ്പെടുന്നത്‌. ചാനൽ ബൈറ്റുകളിൽ അദ്ദേഹം നോട്ട് നിരോധനത്തെ എതിർത്തിരുന്നതായി ഞാനും കണ്ടിരുന്നു. എന്നാൽ അദ്ദേഹം പോലും ആലോചിച്ച് എഴുതിത്തയ്യാറാക്കി സംസ്ഥാന സർക്കാരിന് വേണ്ടി നിയമസഭയിൽ അവതരിപ്പിച്ച ഈ പ്രസ്താവനയിൽ പറയുന്നത്‌ നോട്ട്‌ നിരോധനം കള്ളനോട്ട്‌ നിർമ്മാർജ്ജനം ചെയ്യും (നിർമ്മാർജ്ജനം എന്നു വച്ചാൽ പൂർണ്ണമായി ഇല്ലാതാക്കും എന്നർത്ഥം) എന്നും കള്ളപ്പണത്തിന്റെ കാര്യത്തിൽ ഭാഗിക നേട്ടം ഉണ്ടാക്കുമെന്നുമാണ്‌. നടപ്പാക്കലിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനേക്കുറിച്ചാണ്‌ തുടർന്ന് ധനമന്ത്രി പറയുന്നത്‌.

തോമസ് ഐസക് പ്രവചിച്ചത് പോലെ നോട്ട് നിരോധനം ഇന്ത്യയിലെ കള്ളനോട്ട് ഇല്ലാതാക്കിയോ? കള്ളപ്പണത്തിന്റെ കാര്യത്തിൽ ഐസക് പറഞ്ഞ ചെറിയ ഒരളവെങ്കിലും നേട്ടം ഉണ്ടായോ? ഇല്ലല്ലോ? ധനകാര്യ വിദഗ്ദനും ധനമന്ത്രി എന്ന നിലയിൽ നിരവധി ആധികാരിക രേഖകളുടെ ആക്സസുമുള്ള ഡോ. തോമസ്‌ ഐസക്കിനുപോലും ആദ്യ അഭിപ്രായം ഇങ്ങനെയായിരുന്നു എങ്കിൽ ഈവക വിഷയങ്ങളിൽ കേവലധാരണ മാത്രമുള്ള എന്നേപ്പോലൊരാളുടെ പ്രാഥമിക പ്രതികരണം തെറ്റിപ്പോയതിൽ അത്ഭുതമുണ്ടോ? മൂന്നാമത്തെ ദിവസം എന്റെ ആദ്യ നിലപാട് തിരുത്തി ഞാനിട്ട പോസ്റ്റ് ഇവരെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. രാഷ്ട്രീയ സൗകര്യത്തിനായി കണ്ണടച്ച് ഇരുട്ടാക്കുന്നു.

സൈബർ അന്തം കമ്മികളേ, ഒരു ജനാധിപത്യത്തിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണാധികാരികൾ നിർണ്ണായക സമയങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഉദ്ദേശ്യശുദ്ധിയോടെയായിരിക്കും എന്ന് അനുമാനിക്കുക, ആ നിലയിൽ അതിനെ പിന്തുണക്കുക എന്നതാണ് പൗരന്മാർ സാധാരണ ഗതിയിൽ ചെയ്യുക. ആദ്യ അനുമാനങ്ങൾ തെറ്റെന്ന് ബോധ്യപ്പെട്ടാൽ ദുരഭിമാനം കൂടാതെ തിരുത്തുക എന്നതും പൗരന്റെ ഉത്തരവാദിത്തമാണ്. ഈ പ്രളയദുരന്തകാലത്ത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് നൽകുന്ന പിന്തുണയും ആ നിലക്കുള്ളതാണ്. 374 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയ ഒരു അഴിമതി കേസിൽ പ്രതിപ്പട്ടികയിലുണ്ടായിട്ടും വിചാരണ നേരിടാതെ ഒഴിവായിപ്പോന്ന, വീണ്ടും പ്രതിചേർക്കണമെന്ന അപേക്ഷ ഇപ്പോഴും കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് പൊതുജനങ്ങളിൽ നിന്ന് ഒരു മാസത്തെ വരുമാനം സംഭാവന ചോദിക്കുന്നതെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല, ഈ സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നത് ഉചിതമല്ല എന്ന് കരുതിത്തന്നെയാണ് എല്ലാം മറന്ന് ഈ നാട്ടിലെ ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കുന്നത്. നാളെ മറിച്ച് ചിന്തിക്കേണ്ട സാഹചര്യമുണ്ടായാൽ അതിന്ന് ഇതേ ജനങ്ങൾക്ക് ഒരു മടിയും ഉണ്ടാകില്ല എന്ന് മറക്കരുത്.

അതു കൊണ്ട് അന്തം കമ്മികളേ പ്ലീസ്, ഒരുപാട് ഓവറാക്കി വെറുപ്പിക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com