പ്രളയത്തിന്റെ പാഠം കഴിഞ്ഞു, സ്‌കൂളുകള്‍ ഇന്ന് മുതല്‍, കുട്ടനാട്ടില്‍ നൂറോളം സ്‌കൂളുകള്‍ വെള്ളത്തില്‍ തന്നെ

പ്രളയ ബാധിത പ്രദേശങ്ങളിലെ 308 സ്‌കൂളുകള്‍ ഒഴികെയുള്ളവയാണ് പതിയെ പ്രവര്‍ത്തി ദിവസങ്ങളിലേക്ക് മടങ്ങുന്നത്
പ്രളയത്തിന്റെ പാഠം കഴിഞ്ഞു, സ്‌കൂളുകള്‍ ഇന്ന് മുതല്‍, കുട്ടനാട്ടില്‍ നൂറോളം സ്‌കൂളുകള്‍ വെള്ളത്തില്‍ തന്നെ

തിരുവനന്തപുരം: പ്രളയത്തിനും ഓണാവധിക്കും ശുചീകരണ യജ്ഞങ്ങള്‍ക്കും ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പ്രളയ ബാധിത പ്രദേശങ്ങളിലെ 308 സ്‌കൂളുകള്‍ ഒഴികെയുള്ളവയാണ് പതിയെ പ്രവര്‍ത്തി ദിവസങ്ങളിലേക്ക് മടങ്ങുന്നത്. 

ഇപ്പോഴും വെള്ളം ഇറങ്ങാത്തതോ, അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പായ പ്രവര്‍ത്തിക്കുന്നവയോ ആണ് ഈ 308 സ്‌കൂളുകള്‍. ഇതില്‍ കൂടുതലും ആലപ്പുഴ ജില്ലയിലാണ്. 276 സ്‌കൂളുകളാണ് ആലപ്പുഴയില്‍ ഓണാവധിക്ക് ശേഷവും തുറക്കാന്‍ സാധിക്കാതെയായുള്ളത്. ആലപ്പുഴയിലെ നൂറോളം സ്‌കൂളുകള്‍ ഇപ്പോഴും വെള്ളത്തിന് അടിയിലാണ്.

എറണാകുളത്ത് 28, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. സ്‌കൂള്‍ തുറക്കാന്‍ സാധിക്കാത്തയിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ബദല്‍ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍ിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. 

പ്രളയ ബാധിത പ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ ആദ്യത്തെ രണ്ട് ദിവസം കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരാനും മാനസികോല്ലാസത്തിനും സഹായകമാകുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വെള്ളം കയറിയ സ്‌കൂളുകളിലെ ലാബുകളും ലൈബ്രറികളും കുട്ടികളെ ഉപയോഗിച്ച് ശുചീകരിക്കരുത് എന്ന നിര്‍ദേശവും വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. 

അപകട സാധ്യതയുള്ളതോ, രോഗാണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതോ ആയ ഒരു പ്രവര്‍ത്തിയിലും കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികള്‍ക്കായി കുടിക്കാന്‍ നല്‍കാന്‍ പാടുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com