മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, ഓഖി ദുരന്തത്തില്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് കൃത്യമായി പറയുന്നില്ലെന്ന് ചെന്നിത്തല 

ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ ഇപ്പോഴും കൃത്യമായി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, ഓഖി ദുരന്തത്തില്‍ എത്ര രൂപ ചെലവഴിച്ചുവെന്ന് കൃത്യമായി പറയുന്നില്ലെന്ന് ചെന്നിത്തല 

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് സര്‍ക്കാര്‍ ഇപ്പോഴും കൃത്യമായി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വിമര്‍ശനത്തിന് വേണ്ടി പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിക്കുന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. യഥാര്‍ത്ഥത്തില്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ വ്യക്തമാക്കാതെ ആരോപണങ്ങളിന്മേല്‍ പുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് പ്രതിപക്ഷനേതാവിന്റെ ചുമതല. അത് നിറവേറ്റണ്ടത് പ്രതിപക്ഷനേതാവിന്റെ കടമയല്ലേയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഓഖി ദുരന്തത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പ്രളയക്കെടുതിയുടെ സമയത്ത് ഇത് വീണ്ടും ഓര്‍മ്മിപ്പിച്ചത്. ഓഖി ദുരന്തം നേരിടാന്‍ മുഖ്യമന്ത്രി പറഞ്ഞ കണക്ക് പരിശോധിച്ചാലും ചെലവഴിച്ച കണക്ക് കൃത്യമായി പറയുന്നില്ല.  മുഖ്യമന്ത്രി പറഞ്ഞ 218 കോടി രൂപ കണക്കിലെടുത്താലും 65 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുളളുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഓഖി ദുരന്തം നടന്ന് ഒന്‍പത് മാസം പിന്നിട്ടിട്ടും അര്‍ഹരായ നിരവധിപ്പേര്‍ക്ക് ഇപ്പോഴും ഒരു ചില്ലിക്കാശ് പോലും ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു.

ഈ പശ്ചാത്തലത്തിലാണ് പ്രളയക്കെടുതി നേരിടുന്നവരെ സഹായിക്കാന്‍ പ്രത്യേക അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നത്. ഡാം ദുരന്തമാണ് കേരളത്തില്‍ സംഭവിച്ചത്. പ്രളയക്കെടുതിയുടെ സമയമായതുകൊണ്ടാണ് ഒരുപിടി പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിട്ടും അതൊന്നും ഉന്നയിക്കാതിരുന്നത്. പ്രളയക്കെടുതിയില്‍ സര്‍ക്കാരുമായി സഹകരിക്കുന്ന നിലപാടാണ് യുഡിഎഫ് കൈക്കൊണ്ടത്. എന്നാല്‍ നാടിനുണ്ടായ ദുരന്തം രാഷ്ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com