അതിതീവ്ര മഴയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല ; പ്രളയം ഡാം തുറന്നത് മൂലമെന്ന വാദം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

അണക്കെട്ട് തുറന്നതാണ് പ്രളയത്തിന് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമാണ്
അതിതീവ്ര മഴയുടെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല ; പ്രളയം ഡാം തുറന്നത് മൂലമെന്ന വാദം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം  : പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതുമൂലമാണെന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കനത്ത മഴയാണ് സംസ്ഥാനത്ത് മുമ്പെങ്ങും നേരിട്ടില്ലാത്ത പ്രളയം ഉണ്ടാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനത്തിലെ ന്യൂനതയും ഇതിന് മുഖ്യ കാരണമായതായി, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. 

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ ഗണ്യമായ പിശകുകള്‍ ഉണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പ് ഒരു സമയത്തും അതിതീവ്ര മഴയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് 7 മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള മഴ ശക്തമായ മഴയാണ്. 20 സെന്റിമീറ്റര്‍ വരെയുള്ള മഴയെ അതിശക്തമായ മഴയെന്നും, 20 സെന്റീമീറ്ററിന് മുകളിലുള്ള മഴയെ അതി തീവ്ര മഴയെന്നുമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ ഒരിക്കല്‍ പോലും അതീ തീവ്ര മഴയുടെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയമുണ്ടായ സമയത്ത് 9.5 സെ മി മഴ പ്രവചിക്കപ്പെട്ടിടത്ത് 35.5 സെ മി മഴയാണ് നമുക്ക് ലഭിച്ചത്. ആഗസ്റ്റ് 13 മുതല്‍ 19 വരെ സംസ്ഥാനത്ത് ആകെ മഴയുടെ അളവില്‍ 362 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇടുക്കിയില്‍ ഇത് 568 ശതമാനം അധികമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്രതീക്ഷിത മഴ ലഭിക്കുമെന്നതിന്റെ യാതൊരു സൂചനയും സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. 

അണക്കെട്ട് തുറന്നതാണ് പ്രളയത്തിന് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമാണ്. ആഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെയുള്ള ഘട്ടത്തില്‍ കേരളത്തില്‍ പെയ്തത് സാധാരണയില്‍ നിന്നും 38 ശതമാനം കുറവ് മഴ മാത്രമാണ്. എന്നാല്‍ ആഗസ്റ്റ് 13 മുതല്‍ 19 വരെ മഴയുടെ അളവില്‍ 362 ശതമാനം വര്‍ധന ഉണ്ടായി. ഇടുക്കി അണക്കെട്ടില്‍ ഷട്ടര്‍ തുറക്കാവുന്ന ഏറ്റവും കുറഞ്ഞ ഉയരം 2373 അടിയാണ്. ആദ്യമായി ഈ ലെവലില്‍ വെള്ളമെത്തുന്നത് ജൂലായ് 17നാണ് .അതുകൊണ്ടു തന്നെ വെള്ളം തുറന്ന് വിടണമെങ്കിലും ജൂലായ് 17നെ കഴിയുമായിരുന്നുള്ളു. 

ആഗസ്റ്റ് ഒന്നിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.8 അടിയായിരുന്നു. മൂന്നാം തീയതിയായപ്പോള്‍ ഇത് അര അടി മാത്രമാണ് വര്‍ധിച്ചത്. എന്നാല്‍ ആഗസ്റ്റ് 9ന് മാത്രം അണക്കെട്ടിലെ ജലനിരപ്പ് രണ്ട് അടിയാണ് ഉയര്‍ന്നത്. ഇതോടെയാണ് അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായത്. മഴയും നീരൊഴുക്കും ശക്തമായതോടെ അണക്കെട്ട് തുറക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ചെറുതോണി ഡാം തുറന്നത് വേലിയേറ്റ കാര്യം പരിഗണിക്കാതെയാണെന്ന വാദവും തെറ്റാണ്. ഡാം തുറന്ന അന്ന് വേലിയേറ്റം പാരമ്യത്തിലായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തിലും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. വെള്ളം ഒഴുക്കി കളയുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തെഴുതി. സുപ്രീംകോടതിയിലും സമര്‍ത്ഥമായി ഇടപെടാന്‍ കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ ഉത്തരവുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

ബാണാസുര സാഗര്‍ തുറന്നതിലും വീഴ്ചയുണ്ടായിട്ടില്ല. കനത്ത മഴയാണ് വയനാട്ടിലും പ്രളയം രൂക്ഷമാക്കിയത്.ബാണാസുര സാഗര്‍ ആദ്യം തുറന്നത് ജൂലൈ 14 നാണ്. ആഗസ്റ്റ് 5 വരെ വെള്ളം തുറന്നുവിട്ടിരുന്നു. ആഗസ്റ്റ് 6 ന് വീണ്ടും മഴ പെയ്തതോടെ നീരൊഴുക്ക് വര്‍ധിച്ചു. 7 ന് രാവിലെ ആറരയ്ക്ക് വീണ്ടും തുറന്നു. നീരൊഴുക്ക് കൂടിയതോടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വന്നു.

റിസര്‍വോയര്‍ പരിപാലന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തും. കനത്ത മഴകളെ അതിജീവിക്കാന്‍ സാധിക്കുന്ന റോഡുകള്‍ കൂടുതല്‍ ഇടങ്ങളിൽ നിർമ്മിക്കുന്നത് പരി​ഗണിക്കും.  അതേസമയം ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനിയും താമസം വേണോ എന്ന കാര്യത്തില്‍ പുനരാലോചന വേണ്ടതുണ്ട്. ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളെ കുറിച്ച് ശാസ്ത്രീയ അന്വേഷണം വേണം. അവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍  തടയുന്നത് പരിഗണിക്കും.  നമുക്ക് ജനങ്ങളെ കൊലക്ക് കൊടുക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രളയക്കെടുതി നേരിടുന്നതിനെ ക്കുറിച്ച് ഗൗരവപരമായ ചര്‍ച്ചയാണ് സഭയില്‍ നടന്നത്. ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് നമ്മുടെ അതിജീവനത്തിന്റെ അടിസ്ഥാനം. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദേശങ്ങൾ ഉയർന്നുവന്നു. എന്നാൽ പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളിലേക്ക് ചര്‍ച്ച കടന്നില്ല എന്നത് ദൗര്‍ബല്യമാണ്. സാമ്പത്തികം എങ്ങനെ സ്വരൂപിക്കാം എന്നകാര്യത്തില്‍ ഒരു നിര്‍ദേശവും ഉയര്‍ന്നുവന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com